സിബിപി വൺ ആപ്പ് വഴി യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാർ രാജ്യം വിടണമെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി
പി.പി. ചെറിയാൻ
Friday, April 11, 2025 6:50 AM IST
കലിഫോർണിയ: സിബിപി വൺ ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഇമെയിൽ.ജോ ബൈഡന്റെ ഭരണകാലത്ത് 9,36,000ത്തിലധികം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് വഴി രാജ്യത്ത് പ്രവേശിച്ചത്.
സിബിപി വൺ ആപ്പ് വഴി യുഎസിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച ചില കുടിയേറ്റക്കാർക്ക് ഔദ്യോഗികമായി പിരിച്ചുവിടൽ നോട്ടിസുകൾ അയച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അതേസമയം എത്ര കുടിയേറ്റക്കാർക്ക് ഈ നോട്ടിസ് നൽകിയെന്ന് ഡിഎച്ച്എസ് അറിയിച്ചിട്ടില്ല.
ഈ ആഴ്ച അയച്ച നോട്ടിസ് അനുസരിച്ച് കുടിയേറ്റക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുമെന്നും ക്രിമിനൽ പ്രോസിക്യൂഷൻ, പിഴ, യുഎസിൽ നിന്ന് നീക്കം ചെയ്യൽ എന്നിവയ്ക്ക് വിധേയരാകാമെന്നുമാണ് മുന്നറിയിപ്പ്.