തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് ഐനാനി
പോൾ ഡി. പനക്കൽ
Thursday, April 10, 2025 2:45 PM IST
ന്യൂയോർക്ക്: നഴ്സുമാർക്ക് പുതിയ അറിവിന്റെ പ്രകാശം പകർന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്(ഐനാനി) തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.
നോർത്ത്-വെൽ ഹെൽത് സിസ്റ്റത്തിൽ കാർഡിയോളജി നഴ്സ് പ്രാക്ടീഷണറായി സേവനം ചെയ്യുന്ന ഗ്രേസ് ഗീവർഗീസ് സ്ത്രീകൾ നേരിടുന്ന ഹൃദ്രോഗ ബാധയെ കുറിച്ച് പ്രഭാഷണം നടത്തി.
ഹൃദയസംബന്ധമായ രോഗാവസ്ഥയുടെ ആദ്യലക്ഷണങ്ങളും അടയാളങ്ങളും രോഗാവസ്ഥയെയും നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിന് ഇന്ന് ഏറ്റവും പുതുതായി ഉപയോഗിക്കുന്ന മാർഗങ്ങളും ചികിത്സാക്രമങ്ങളും ഗ്രേസ് വിശദമായി വിവരിച്ചു.
ന്യൂയോർക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ സംഘടനയായ നോർത്ത്-വെൽ ഹെൽത്തിനുവേണ്ടി അതിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിറ്റി വെൽനെസ് ആൻഡ് ഹെൽത്തിന്റെ സീനിയർ പ്രോഗ്രാം മാനേജർ വിലോണ്ട ഗ്രീൻ ക്ലാസെടുത്തു.
പ്രമുഖ സ്ലീപ് സ്റ്റഡി വിദഗ്ധനയായ ഡോ. നരേന്ദ്ര സിംഗ് സ്ലീപ് അപ്നിയയുടെ ശരീരഘടനാപരമായ കാരണങ്ങളും ശരീര പ്രകൃതിയിൽ നിന്ന് തുടങ്ങുന്ന സൂചനകളും അടയാളങ്ങളും ഭവിഷ്യത്തുകളും ഈ അസുഖം കണ്ടുപിടിച്ചു സ്ഥിരീകരിക്കാനുള്ള രീതികളും ചികിത്സാ മാർഗങ്ങളും വിശദീകരിച്ച് ക്ലാസെടുത്തു.
ഇന്ത്യക്കാരുടെ ഒരു നഴ്സിംഗ് സംഘടന എന്ന നിലയിൽ ചെയ്ത സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് തുടർപ്രവർത്തനങ്ങൾക്ക് ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാൻഡർ ഫണ്ടിൽ നിന്ന് ഐനാനിക്ക് 10,600 ഡോളർ ഗ്രാന്റായി ലഭിച്ചിരുന്നു.
കൊയാലിഷൻ ഓഫ് ഏഷ്യൻ ഫാമിലീസ് ആൻഡ് ചിൽഡ്രൻ എന്ന സംഘടനയുമായി ഏഷ്യൻ കമ്യൂണിറ്റി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏഷ്യൻ - വിരുദ്ധ സംഭവങ്ങളെ നേരിടുന്നതിനുള്ള ശ്രമമായിരുന്നു ഡോ. അന്ന ജോർജ്, ഡോ. സോളിമോൾ കുരുവിള, ഡോ. ഷൈല റോഷിൻ എന്നിവർ ചേർന്ന് നടത്തിയ ബൈസ്റ്റാൻഡർ ഇന്റർവെൻഷൻ എന്ന വിദ്യാഭ്യാസ-പരിശീലന പ്രോഗ്രാം.
പ്രഫഷണൽ ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർ പരിപാടി മോഡറേറ്റ് ചെയ്തു. അമേരിക്കൻ നഴ്സിംഗ് ക്രെഡൻഷ്യലിംഗ് സെന്റർ അംഗീകരിച്ച വിലപ്പെട്ട നാലു കണ്ടിന്യൂയിംഗ് എജുക്കേഷൻ മണിക്കൂറുകളും പ്രഭാത ഭക്ഷണവും ലഞ്ചും ഉച്ചയ്ക്കുശേഷമുള്ള കോഫിയും സ്നാക്കുകളുമടങ്ങിയ ദിനം പങ്കെടുത്തവർക്ക് സൗജന്യമായാണ് ഐനാനി സംഘടിപ്പിച്ചത്.
പ്രോഗ്രാമിന് സ്പോൺസർഷിപ് നൽകി സഹായിച്ച അഗാപ്പെ ട്രിനിറ്റി ഇൻഷുറൻസിന്റെ റോഷൻ തോമസിന് ആനി സാബു നന്ദി പറഞ്ഞു. ആന്റോ പോൾ ഐനിങ്കൽ, ഡോ. അന്നാ ജോർജ്, ഡോ. ഷൈല റോഷിൻ, ഉഷാ ജോർജ്, ഗ്രേസ് അലക്സാണ്ടർ, ഐനിങ്കൽ, റോഷൻ മാമ്മൻ, ഡോ. ജയാ തോമസ് തുടങ്ങി ഐനാനിയുടെ നേതൃസമിതി സെമിനാറിന്റെ വിജയത്തിനായി ആനി സാബുവിനോടൊപ്പം പ്രവർത്തിച്ചു.