വെനസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതി
പി .പി. ചെറിയാൻ
Friday, April 11, 2025 5:11 AM IST
വാഷിംഗ്ടൺ : വെനസ്വേലൻ ഗുണ്ടാ സംഘത്തെ നാടുകടത്തുന്നത് സംബന്ധിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ശരിവച്ച് യുഎസ് സുപ്രീം കോടതി. ഏലിയൻ എനിമീസ് ആക്ട് പ്രകാരം നാടു കടത്തൽ തുടരാമെന്നും കോടതി. ട്രംപ് ഭരണകൂടത്തിന്റെ വിജയമായാണ് കോടതിയുടെ തീരുമാനത്തെ കണക്കാക്കുന്നത്.
അതേസമയം തടവുകാരെ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ അവർക്ക് ഉചിതമായ നടപടിക്രമങ്ങൾ നൽകണമെന്ന് പറഞ്ഞു. സുപ്രീം കോടതിയിലെ 5 ജഡ്ജിമാർ നിയമത്തെ അനുകൂലിച്ചപ്പോൾ 4 പേർ എതിർത്തു. കുടിയേറ്റക്കാരെ എൽ സാൽവഡോറിലെ ജയിലിലേക്ക് അയയ്ക്കാൻ ഏലിയൻ എനിമീസ് ആക്ട് ഉപയോഗിക്കുന്നതിന്റെ ഭരണഘടനാ സാധുതയെ വിധിയിൽ പരാമർശിച്ചിട്ടില്ല.
പകരം, കുടിയേറ്റക്കാരുടെ അഭിഭാഷകർ തെറ്റായ കോടതിയിലാണ് കേസ് ഫയൽ ചെയ്തതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസുമാർ സങ്കുചിതമായ നടപടിക്രമങ്ങളോടു കൂടിയ വിധിയാണ് പുറപ്പെടുവിച്ചത്.
അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുഎസ് ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും ഉടൻ തന്നെ ഉന്നതതല ചർച്ചകൾ നടത്തുമെന്നും ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. ഹമാസുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തെക്കുറിച്ചും ലോക വിപണികളെ ഞെട്ടിച്ച അതിന്റെ എല്ലാ വ്യാപാര പങ്കാളികൾക്കും മേൽ യുഎസ് ചുമത്തിയ തീരുവകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.