കത്തി വീശിയ കൗമാരക്കാരന് നേരെ പോലീസ് വെടിയുയർത്തി; ഗുരുതര പരിക്ക്
പി .പി. ചെറിയാൻ
Friday, April 11, 2025 7:24 AM IST
ഇഡാഹോ: പോലീസിനു നേരെ കത്തി വീശിയ കൗമാരക്കാരനെ പോലീസ് ഒന്പത് തവണ വെടിയുതിർത്തു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനായ വിക്ടർ പെരസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊക്കാറ്റെല്ലോയിലെ പോർട്ട്ന്യൂഫ് റീജണൽ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന വിക്ടറിന്റെ നില അതീവ ഗുരുതരമാണ്.
ഇഡാഹോയിലെ പൊക്കാറ്റെല്ലോ പട്ടണത്തിലെ വീട്ടിൽ ശനിയാഴ്ചയാണ് വിക്ടർ പെരസിന് വെടിയേറ്റത്. വിക്ടർ മാനസിക വൈകല്യമുള്ള വ്യക്തിയാണെന്നും സെറിബ്രൽ പാൾസി ബാധിതനാണെന്നും ഇംഗ്ലിഷ് ഭാഷ പരിമിതമായി മാത്രമേ സംസാരിക്കുകയുള്ളുവെന്നും കുടുംബം പറഞ്ഞു.
പരുക്കേറ്റ വിക്ടറിന്റെ ഇടതുകാൽ മുറിച്ചുമാറ്റിയതായും ഗുരുതരാവസ്ഥയിലാണെന്നും കുടുംബം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീട്ടുമുറ്റത്തെത്തിയ പോലീസിന് നേർക്ക് വിക്ടർ കത്തി വീശുകയായിരുന്നു. പല തവണ കത്തി താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നതോടെയാണ് വിക്ടറിന് നേർക്ക് വെടിയുതിർത്തത്.
എന്നാൽ വിക്ടറിന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് പോലീസ് നിറയൊഴിച്ചതെന്ന് അമ്മ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഈസ്റ്റ് ഇഡാഹോ ക്രിട്ടിക്കൽ ഇൻസിഡന്റ് ടാസ്ക് ഫോഴ്സും പൊക്കാറ്റെല്ലോ പോലീസും അന്വേഷണം നടത്തുന്നുണ്ട്.