കേരള സർക്കാരുമായി സഹകരിച്ച് ലഹരിക്കെതിരേ കൈകോർത്ത് ഫൊക്കാന
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, April 10, 2025 11:51 AM IST
ന്യൂയോർക്ക്: ലഹരിക്കെതിരേ കേരള സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാൻ ഫൊക്കാന. മന്ത്രി ആർ. ബിന്ദുവുമായുള്ള ചർച്ചയിലാണ് സർക്കാരുമായി ഫൊക്കാന സഹകരിച്ച് പ്രവർത്തിക്കാം എന്ന് തീരുമാനമായത്. ഇത് പ്രകാരം ഫൊക്കാന നാലിന പരിപാടികൾ സർക്കാരുമായി സഹകരിച്ചു കേരളത്തിൽ നടപ്പിലാക്കുന്നതാണ്.
ഫൊക്കാനയുടെ ഓഗസ്റ്റ് 1, 2, 3 ദിവസങ്ങിൽ കേരളത്തിലെ കുമരകത്ത് നടക്കുന്ന കേരള കൺവൻഷന്റെ ആദ്യദിനം ലഹരിക്കെതിരേയുള്ള ഒരു വിളംബരമായി ഫൊക്കാന നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന നടത്തുന്ന പരിപാടികളിൽ ഒന്നാണ് ഐ ഡിഫൻഡർ കാമ്പയിൻ. സ്കൂളുകളിലും കോളജുകളിലും ലഹരി ഉപയോഗിക്കുന്നത് റിപ്പോർട്ട് ചെയ്യുകയും അത് ശരിയാണ് എന്ന് തിരിച്ചറിയുകയാണെങ്കിൽ അങ്ങനെയുള്ളവർക്ക് കാഷ് അവാർഡും പ്രശസ്തി പത്രങ്ങളും പാരിതോഷികങ്ങളും നൽകി ആദരിക്കുന്നതാണ് ഈ പരിപാടി. ഇങ്ങനെയുള്ള ആളുകളുടെ വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നതായിരിക്കും.
ലഹരി ബോധവത്കരണ പരിപാടികൾ: അതിനുവേണ്ടി സ്കൂള്‍ കോളജ് ലഹരി വിരുദ്ധ ക്ലബുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി - യുവജന - മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി ലഹരിക്കെതിരേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം.
സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത - കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടിളും ഇതിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നതാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഫൊക്കാന കേരള കൺവൻഷനിൽ വച്ച് സമ്മാനങ്ങൾ നൽകും.
സൈക്കോളജിക്കൽ ഹെൽപ്: ലഹരിക്ക് അടിമകളായ കുട്ടികൾക്ക് അതിൽ നിന്നും മുക്തി നേടുവാൻ ആയി സൈക്കോളജിക്കൽ ഹെൽപ് ഫൊക്കാന ഹെൽത്ത് ക്ലിനിക് വഴി നൽകുവാനും പ്ലാൻ ചെയ്യുന്നു.
ജനപ്രതിനിധികൾ, രാഷ്ട്രീയ സാമുദായിക, മത, സാംസ്കാരിക, സിനിമ രംഗങ്ങളിലെ പ്രതിനിധികൾ ഈ ശൃംഖലയിൽ അണിനിരക്കും. വിദ്യാലയങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ മറ്റു യുവജനങ്ങൾക്കും ഇതിന്റെ പ്രയോജനം കിട്ടും വിധത്തിലാണ് ഫൊക്കാനയുടെ പ്രചരണ പരിപാടികൾ.
ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഫൊക്കാനയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ അനുമോദിച്ചു. ഫൊക്കാനയുമായി ചേർന്ന് ഈ പദ്ധതിയെ വിജയിപ്പിക്കാൻ കഴിയും എന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.