മിസ് കാനഡ നൊവാകോസ്മോ കിരീടം ചൂടി മലയാളി ലിനോര്‍ സൈനബ്
Saturday, April 12, 2025 11:04 AM IST
ഒട്ടാവ: മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി 20 വയസുള്ള മലയാളി യുവതി ലിനോര്‍ സൈനബ്. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോര്‍ സ്വന്തമാക്കിയത്.
ഒക്ടോബറില്‍ നടക്കുന്ന നോവകോസ്മോ വേള്‍ഡ്വൈഡ് മത്സരത്തില്‍ ലിനോര്‍ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. 1998-ലെ മിസ് വേള്‍ഡ് ആയ ലിനോര്‍ അബര്‍ജിലിന്റെ നേട്ടത്തില്‍ ആകൃഷ്ടയായാണ് അമ്മ തനിക്കു ലിനോര്‍ സൈനബ് എന്ന് പേരിട്ടതെന്ന് ലിനോര്‍ പറഞ്ഞു.
കാല്‍ഗറി ഫുട് ഹില്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്മാന്റെയും മക്കളില്‍ മൂത്ത ആളാണ് ലിനോര്‍. മുഹമ്മദ് ഇമ്രാന്, ഡന്നിയാല്‍ എന്നിവര്‍ ആണ് സഹോദരന്മാര്.
ഇന്ത്യയുടെയും കാനഡയുടെയും സംസ്കാരങ്ങളില്‍ ഒരുപോലെ വളര്‍ന്ന ലിനോര്‍, മനുഷ്യാവകാശം, സമത്വം, ഇന്റര്‍സെക്ഷണല്‍ ഫെമിനിസം എന്ന മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
ഇന്‍ക്ലൂസിവിറ്റി പ്രൊമോട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമായ സ്കിന്‍-കളേര്‍ഡ് ക്രയോണ്സിന്റെ സ്ഥാപക കൂടിയാണ് ലിനോര്‍. നിലവില്‍ ഒട്ടാവ യൂണിവേഴ്സിറ്റിയില്‍ പ്രീ-ലോയില്‍ ബിരുദത്തിന് പഠിക്കുകയാണ്.