അർബുദ, മജ്ജ മാറ്റിവയ്ക്കൽ ചികിത്സ: ബുർജീൽ ഹോൾഡിംഗ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം
അനിൽ സി. ഇടിക്കുള
Saturday, February 1, 2025 7:34 AM IST
ദുബായ്: ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രപദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ബുർജീൽ ഹോൾഡിംഗ് ഈജിപ്റ്റ് ആരോഗ്യ മന്ത്രാലയവും കരാർ ഒപ്പുവച്ചു.
അറബ് ഹെൽത്ത് എക്സ്പോയിലാണ് കരാർ ഒപ്പിട്ടത്. ഈജിപ്ത് ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ് ഓഫ് സ്പെഷലൈസ്ഡ് മെഡിക്കൽ സെന്റേഴ്സ് മേധാവി ഡോ. മഹാ ഇബ്രാഹിമും ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഈജിപ്ഷ്യൻ ഉപപ്രധാനമന്ത്രിയും ആരോഗ്യജനസംഖ്യാ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാർ, ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഗ്രൂപ്പ് കോസിഇഒ സഫീർ അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
പരിശീലനം, ഗവേഷണം, ചികിത്സാ ലഭ്യത എന്നിവയിലൂന്നിയ തന്ത്രപ്രധാന സംരംഭങ്ങളിലൂടെ ഈജിപ്തിലെ അർബുദ ചികിത്സാരംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
നൂതന അർബുദ ചികിത്സാ രീതികളിലും മജ്ജ മാറ്റിവയ്ക്കൽ പോലുള്ള മറ്റു സങ്കീർണ പരിചരണ മേഖലകളിലും ആരോഗ്യസംരക്ഷണ വിദഗ്ധരെ പ്രാപ്തരാക്കാനുള്ള പരിശീലനം ബുർജീൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഈജിപ്തിൽ മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ബിഎംസിയിലെ വിജയകരമായ ബിഎംടി പ്രോഗ്രാമുകളിൽ നിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ഈജിപ്തിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെകിനീഷൻമാർ, അനുബന്ധ സേവനങ്ങൾ നൽകുന്നവർ എന്നിവർക്ക് മജ്ജ മാറ്റിവയ്ക്കലിന് സമഗ്ര പരിശീലനം നൽകുക.