പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ വാർഷികം ആഘോഷിച്ചു
Friday, January 31, 2025 5:08 PM IST
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. കുവൈറ്റ് എലൈറ്റ് ടീം മേധാവിയും ഗുഡ്വിൽ അംബാസഡറുമായ ഡോ. ഷൈഖ ഉം റകാൻ അൽ സബ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീംകോടതി എഒആറുമായ അഡ്വ. ജോസ് എബ്രഹാം മുഖ്യാതിഥിയായിരുന്നു.
പ്രവാസി ലീഗ് സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരളസഭാ പ്രതിനിധിയും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോയർ ജാബിർ അൽഫൈലാകാവി, ലോയർ തലാൽ താക്കി, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അസീം സെയ്ത് സുലൈമാൻ,
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിം, ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുസോവ്ന സുജിത്ത് നായർ, കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ബോർഡ് മെംബർ ലോയർ ഹൈഫ അൽ ഹുവൈദി, പ്രശസ്ത പിന്നണി ഗായിക സിന്ധു ദേവി രമേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ഗർഷോം പ്രവാസി വനിതാ അവാർഡ് കരസ്ഥമാക്കിയ ഷൈനി ഫ്രാങ്കിനെയും പരിപാടിയുടെ സ്പോൺസർമാരെയും വിവിധ മേഖലകളിൽ പ്രശസ്തരായവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ട്രഷറർ രാജേഷ് ഗോപി നന്ദിയും പ്രോഗ്രാം കൺവീനറും പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോ-ഓർഡിനേറ്ററുമായ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനവും നടത്തി.
ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, ലീഗൽ ഡയറക്റ്റർ സെന്റർ എന്നിങ്ങനെ വ്യത്യസ്ത തുറകളിൽപ്പെട്ട പ്രവാസി ഇന്ത്യകാരും പിഎൽസി കുവൈറ്റ് ചാപ്റ്ററുമായി സഹകരിക്കാൻ മുന്നോട്ടുവന്ന അമ്പതോളം കുവൈറ്റ് പൗരന്മാരും പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജയകുമാർ, അഡ്വൈസറി ബോർഡ് മെംബർ ഡോ. സാബു.പി.എസ്, കോഓർഡിനേറ്റർ അനിൽകുമാർ, വൈസ് പ്രസിഡന്റ് ചാൾസ് പി. ജോർജ്, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫും കേരള ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. രാജനുമാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരികൾ.
ഇന്ത്യൻ പ്രവാസി സമൂഹത്തിന് നിയമോപദേശവും കൗൺസിലിംഗും നിയമഅവബോധവും സൗജന്യമായി കൊടുക്കുക എന്ന ഉദ്യേശത്തോടെ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന പിഎൽസിയുടെ വിവിധ ചാപ്റ്ററുകൾ അതാതു രാജ്യങ്ങളിലെ നിയമ വിദഗ്ധരും അഭിഭാഷകരുമായി കൈകോർത്തു പ്രവർത്തിച്ചു വരുന്നു.
പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്.