ഇന്ത്യ സോഷ്യൽ സെന്റർ യുവജനോത്സവത്തിന് ഇന്ന് അബുദാബിയിൽ തുടക്കം
അനിൽ സി. ഇടിക്കുള
Friday, January 31, 2025 11:54 AM IST
അബുദാബി: അറുനൂറോളം കുട്ടികൾ മാറ്റുരക്കുന്ന യുവജനോത്സവത്തിന് ഇന്ന് ഇന്ത്യ സോഷ്യൽ സെന്ററിൽ തിരിതെളിയും. ഐഎസ്സിയിലെ അഞ്ചു വേദികളിലായി 21 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി മൂന്ന് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള അറുനൂറോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങൾ, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ഉപകരണ സംഗീതം, അഭിനയം, ഫാൻസി ഡ്രസ്, കർണ്ണാട്ടിക്ക്, ഹിന്ദുസ്ഥാനി സംഗീതം, സിനിമ ഗാനം, ലളിതഗാനം, ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഒരു വിദ്യാർഥിക്ക് ഏഴു ഇനങ്ങളിൽ വരെ പങ്കെടുക്കാം. ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് ഐഎസ്സി പ്രതിഭ, ഐഎസ്സി തിലക്ക് സ്ഥാനങ്ങൾ സമ്മാനിക്കും. എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
ഭവൻസ് ഇന്റർനാഷണൽ സ്കൂൾ, ഹാരോൾഡ് മെമ്മോറിയൽ ഇനിഷ്യയേറ്റിവ് എന്നിവരാണ് മുഖ്യപ്രയോജകർ. ഇന്ന് നാലിനാണ് ഉദ്ഘാടന ചടങ്ങു നടക്കുക. രാത്രി 11 വരെ മത്സരങ്ങൾ നടക്കും. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ ഒന്പതിന് മത്സരങ്ങൾ ആരംഭിക്കും. രണ്ടിനാണ് സമാപനച്ചടങ്ങും സമ്മാനദാനവും നടക്കുന്നത്.
ഐഎസ്സി പ്രസിഡന്റ് ജയറാം റായ്, സെക്രട്ടറി രാജേഷ് എസ്. നായർ, ട്രഷറർ ദിനേശ് പൊതുവാൾ, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ തമ്പി, ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ, ഹാരോൾഡ് മെമ്മോറിയൽ ഇനിഷ്യയേറ്റിവ് സ്ഥാപകൻ റോബിൻസൺ മൈക്കിൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.