റോമാനിയയും ബൾഗേറിയയും ഷെങ്കന്‍ സോണിൽ അംഗങ്ങളായി
ജോസ് കുമ്പിളുവേലിൽ
Saturday, January 4, 2025 1:38 PM IST
ബ്രസൽസ്: റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയന്റെ ഷെങ്കന്‍ സോണിൽ ചേർന്നു. കര അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് ഇരുരാജ്യങ്ങളും ഷെങ്കന്‍ അംഗങ്ങളായത്. സൈപ്രസും അയർലൻഡും ഒഴികെയുള്ള എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇപ്പോൾ ഷെങ്കന്‍ സോണിലാണ്.
പാസ്പോർട്ട് പരിശോധനകളില്ലാതെ രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ ഷെങ്കന്‍ സോൺ നിവാസികളെ അനുവദിക്കുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലാൻഡ്, ലിച്ചെൻസ്റ്റീൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ബൾഗേറിയയിലെയും റൊമാനിയയിലെയും 25 ദശലക്ഷം പേർ ഇതോടെ 450 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഭാഗമായി. മാർച്ചിൽ ഇരു രാജ്യങ്ങളും ഭാഗികമായി ഷെങ്കന്‍ ഏരിയയിൽ ചേർന്നിരുന്നു. എന്നാൽ, വിമാനമാർഗമോ കടൽ വഴിയോ മാത്രം എത്തുന്നവർക്ക് മാത്രമായിരുന്നു യാത്രാ സ്വാതന്ത്ര്യം.
17 വർഷങ്ങൾക്ക് മുമ്പാണ് ഇരു രാജ്യങ്ങളും യൂറോപ്യൻ യൂണിയനിൽ ചേർന്നത്. യൂറോപ്യൻ യൂണിയൻ സ്ഥാപിതമായതിനുശേഷം ഷെങ്കന്‍ സോൺ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുമ്പോൾ, ജർമനി ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സമീപ വർഷങ്ങളിൽ അവരുടെ അതിർത്തികളിൽ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യം, ജർമനിയിൽ നിന്നും ബെൽജിയത്തിൽ നിന്നും പ്രവേശിക്കുന്ന യാത്രക്കാർക്കായി നെതർലൻഡ്സും അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റൊമാനിയ, ബൾഗേറിയ പൂർണമായ ഷെങ്കന്‍ അംഗത്വം ആഘോഷിക്കുകയാണ്.