അയർലൻഡിൽ ഇൻഫ്ലുവെൻസ കേസുകൾ വർധിക്കുന്നു
ജെയ്സൺ കിഴക്കയിൽ
Thursday, January 2, 2025 10:38 AM IST
ഡബ്ലിൻ: അയർലൻഡിൽ ഇൻഫ്ലുവെൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു. രാജ്യത്തു പല ആശുപത്രികളിലും ഇതുമായി ബന്ധപ്പെട്ടു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറി, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കി.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മറ്റു ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരരാവിൽ ആശുപത്രികളിൽ ആകെ 1,017 പേർക്ക് ഫ്ലൂ ബാധിച്ചു എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് തിങ്കളാഴ്ച 984, കഴിഞ്ഞ ചൊവ്വാഴ്ച 562 എന്നിങ്ങനെയായിരുന്നു.
ജലദോഷം, പനി, കോവിഡ് അല്ലെങ്കിൽ ഏതെങ്കിലും വൈറൽ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രി സന്ദർശിക്കരുതെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് അഭ്യർഥിച്ചു.
സന്ദർശകരോട് മാസ്ക് ധരിക്കാനും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴും വാർഡുകളിൽ നിന്ന് പുറത്തുപോകുമ്പോഴും കൈകൾ വൃത്തിയാക്കാനും നിർദേശിക്കുന്നു.
മിഡ്വെസ്റ്റിലെ ആറ് ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ഒരാഴ്ചയ്ക്കുള്ളിൽ ഇൻഫ്ലുവൻസ ബാധിച്ച രോഗികളുടെ പ്രവേശനത്തിൽ 200 ശതമാനം വർധനയുണ്ടായി.
ഇൻഫ്ലുവൻസ വൈറസിനെതിരേ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.