യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
ബെന്നി ജോസഫ്
Wednesday, November 6, 2024 6:16 AM IST
വിഗൻ: 365 മത്സരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാഥികളുടെയും കാണികളുടെയും അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന് പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷനാണ്.
രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിഗൻ മലയാളി അസോസിയേഷൻ 82 പോയിന്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിന്റുകളോടെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി. തുടക്കക്കാരായി എത്തിയ മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ട് നാലാം സ്ഥാനത്തെത്തി തങ്ങളുടെ വരവറിയിച്ചു.
സമയനിഷ്ഠയിലും കൃത്യതയാർന്ന സംഘാടക മികവിലും അണിയിച്ചൊരുക്കിയ കലാമേള
വിഗണിലെ ഡീൻ ട്രസ്റ്റ് ഹൈസ്കൂളിലാണ് അരങ്ങേറിയത്. കൃത്യം ഒന്പതിന് ഈശ്വരപ്രാർഥനയോടെ മത്സരങ്ങൾ ആരംഭിച്ചു.
മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ വാശിയേറിയ മത്സരങ്ങൾ തനതായ കേരളീയ നൃത്ത സംഗീത കലാരൂപങ്ങളുടെ മുഴുവൻ സത്തയും ആവാഹിച്ചെടുത്ത മികവാർന്ന കലാരൂപങ്ങളായി വേദിയിൽ നിറഞ്ഞാടി.
ഓരോ വർഷങ്ങൾ കഴിയുമ്പോഴും, ചിട്ടയായ പരിശീലനത്തിലൂടെ മത്സരാർഥികൾ കാഴ്ചവയ്ക്കുന്ന മികവാർന്ന കലാപ്രകടനങ്ങൾ വിധികർത്താക്കളെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ എത്തിക്കുന്നവ ആയിരുന്നു.
കലാമേളയിൽ മിന്നുന്ന പ്രകടം കാഴ്ചവച്ച വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയവർ
കലാപ്രതിഭ - ഫെലിക്സ് മാത്യു- ലിവർപൂൾ മലയാളി അസോസിയേഷൻ
കലാതിലകം - 1) ജോഹാന ജേക്കബ് - ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ, 2) ആൻ ട്രീസ ജോബി - വിഗൺ മലയാളി അസോസിയേഷൻ.
നാട്യമയൂരം - അനന്യ റൂബി - മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ.
ഭാഷാകേസരി - 1) ആൻ ട്രീസ ജോബി- വിഗൺ മലയാളി അസോസിയേഷൻ 2) ആൻലിയ വിനീത് - വാറിംഗ്ടൺ മലയാളി അസോസിയേഷൻ.
കിഡ്സ് വിഭാഗം - നക്ഷത്ര ശ്രീനാഥ്- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ട്, സബ് - ജൂനിയേഴ്സ് - ആൻലിയ വിനീത്- വാറിംഗ്ടൺ മലയാളി അസോസിയേഷൻ.
ജൂനിയേഴ്സ് - 1) ആൻ ട്രീസ ജോബി- വിഗൺ മലയാളി അസോസിയേഷൻ, 2) ജോഹാന ജേക്കബ് - ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ. സീനിയേഴ്സ് - അനന്യ റൂബി - മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ.
യുക്മക്ക് നിരവധി ദേശീയ നേതാക്കളെ സമ്മാനിച്ചിട്ടുള്ള നോർത്ത് വെസ്റ്റ് റീജണിന്റെ കലാമേളയുടെ ഉദ്ഘാടന സമ്മളനം പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്നു. റീജണൽ സെക്രെട്ടറി ബെന്നി ജോസഫ് വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
യുക്മ നോർത്ത് വെസ്റ്റിൻറ്റെ സ്വകാര്യ അഹങ്കാരമായ ദേശിയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് നിറഞ്ഞ സദസിനെ സാക്ഷിയാക്കി പതിനഞ്ചാമത് കലാമേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോഓർഡിനേറ്റർ തങ്കച്ചൻ, കലാമേളക്ക് ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജിലി ജേക്കബ്, ജിൽസൻ, സോണിയ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മത്സരങ്ങൾക്കുശേഷം സമാപന സമ്മേളനവും സമ്മാനദാനവും യുക്മ കലാമേള ദേശീയ കോ ഓർഡിനേറ്റർ ജയകുമാർ നായർ വിശിഷ്ട അധിഥി ആയിരുന്നു .ചടങ്ങിൽ യുക്മ പബ്ലിക് റിലേഷൻസ് & മീഡിയ കോഓർഡിനേറ്ററുമായ ശ്രീ അലക്സ് വർഗീസ് സന്ദേശം നൽകി.
ദേശീയ കലാമേള വൻ വിജയമാക്കുവാൻ അഭ്യർഥിച്ചുകൊണ്ടും റീജണൽ കാലമേളയ്ക്ക് പിന്തുണയും സഹായവും നൽകി സഹകരിച്ച വിഗൺ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും റോസ്റ്റർ കെയർ ഡയറക്ടർ ജോഷിക്കും കൃതജ്ഞത നേർന്നുകൊണ്ടും റീജണിൽ നിന്നുള്ള മൽസരാർഥികൾക്ക് നാഷണൽ കലാമേളയിൽ വിജയാശംസകൾ നേർന്നു കൊണ്ട് കലാമേള രാത്രി പത്തോടെ പര്യവസാനിച്ചു.