സ്വകാര്യബസ് പണിമുടക്ക്: യാത്രികർ വലഞ്ഞു
1574202
Tuesday, July 8, 2025 11:25 PM IST
പാലക്കാട്: സ്വകാര്യബസ് പണിമുടക്ക് വലച്ചത് ആയിരക്കണക്കിനു യാത്രികരെ.
ഈ മാസം 22 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായിട്ടാണ് ഇന്നലെ സ്വകാര്യബസുകൾ സൂചനാപണിമുടക്ക് നടത്തിയത്.
പാലക്കാട്- തൃശൂർ, പാലക്കാട്- ചെർപ്പുളശ്ശേരി, പാലക്കാട്- ഒറ്റപ്പാലം റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസിയുടെ 89 പതിവ് സർവീസുകൾക്കു പുറമെ 11 അധിക സർവീസുകളും ഒരുക്കിയിരുന്നു.
കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന കോയമ്പത്തൂർ- തൃശൂർ, കോഴിക്കോട് റൂട്ടുകളിൽ യാത്രക്കാരെ സാരമായി ബാധിച്ചില്ലെങ്കിലും മറ്റുറൂട്ടുകളിൽ യാത്രക്കാർക്കു ദുരിതമേറെയായിരുന്നു. പാലക്കാട് നിന്നും മലമ്പുഴ, റെയിൽവേകോളനി, കോട്ടായി, തോലന്നൂർ, തച്ചങ്കാട്, കൊടുമ്പ്, പെരിങ്ങോട്ടുകുറിശ്ശി, തലപ്പൊറ്റ, വലിയകാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ലക്ഷ്യസ്ഥാനത്തെത്താൻ പാടുപെട്ടു.
സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ പലരും ഓട്ടോറിക്ഷകളിൽ അമിതചാർജ് നൽകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. സ്വകാര്യ ബസുകൾ പണിമുടക്കിയത് മലയോര ഗ്രാമീണ മേഖലകളെയും സാരമായി ബാധിച്ചു.
സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ പ്രധാന ബസ് സ്റ്റാൻഡുകളിലെ വ്യാപാരത്തെയും ബാധിച്ചത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം പ്രവർത്തിദിനമായതിനാൽ സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ പലർക്കും ഓഫീസുകളിലും സ്കൂളുകളിലുമെത്താൻ ബുദ്ധിമുട്ടേണ്ടിവന്നു.