ഉൾക്കാടുകളിൽ അയ്യായിരം വിത്തുണ്ടകൾ നിക്ഷേപിക്കും
1574200
Tuesday, July 8, 2025 11:25 PM IST
വടക്കഞ്ചേരി: വന്യമൃഗങ്ങൾക്കു വനത്തിൽതന്നെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിന്റെ അതിർത്തിവരുന്ന പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ അയ്യായിരം വിത്തുണ്ടകൾ നിക്ഷേപിക്കും. ഇതിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് പാലക്കുഴി റോഡിൽ പുല്ലംപരുതയിൽ കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിക്കും.
മാവ്, പ്ലാവ്, ആഞ്ഞിലി, ഞാവൽ, കശുമാവ് തുടങ്ങിയവയുടെ വിത്തുകളാണ് മണ്ണിൽപൊതിഞ്ഞ് ചെറിയ ഉണ്ടകളാക്കി ഉൾവനത്തിലേക്കു വലിച്ചെറിയുക. പുതുമരങ്ങൾ വ്യാപകമാകുന്നതോടെ ആനകൾക്കൊപ്പം മറ്റു മൃഗങ്ങളും കാട്ടിൽനിന്നും നാട്ടിലിറങ്ങുന്ന സ്ഥിതിക്ക് കുറവുണ്ടാകുമെന്നാണു വിലയിരുത്തൽ.
പഞ്ചായത്ത് മെംബർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഈ ബൃഹദ് പദ്ധതി വിജയത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നത്. വചനഗിരി സെന്റ് ജോർജ് ഇടവകാംഗങ്ങളും മമ്പാട് സ്കൂളിലെ പ്രധാനാധ്യാപിക വി.കെ. ബിന്ദു ടീച്ചർ,
കോ- ഓർഡിനേറ്റർ നീന ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളും കർഷകരും പാലക്കുഴിയിലെ പ്രതിഭാ വായനശാല അംഗങ്ങളുമെല്ലാം വിത്തുണ്ടകൾ തയാറാക്കുന്നതിന്റെ തിരക്കുകളിലാണിപ്പോൾ. ശേഖരിക്കാൻ കഴിയുന്നത്ര വൃക്ഷവിത്തുകൾ ശേഖരിച്ചാണ് നാടുമുഴുവൻ യത്നത്തിൽ പങ്കാളികളാകുന്നത്.
കിഴക്കഞ്ചേരിയുടെ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇതുകണക്കിലെടുത്താണ് ഘട്ടംഘട്ടമായി കാട്ടിൽ വൃക്ഷങ്ങൾ നിറക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. കാട്ടിൽ നിക്ഷേപിക്കുന്ന വിത്തുകൾ മുളച്ച് വളരുന്നതു ഇടക്കിടെ പരിശോധിച്ച് തുടർഘട്ടങ്ങളിൽ വിത്തുണ്ടകൾ നിക്ഷേപിക്കുന്നതിൽ വേണ്ടതായ മാറ്റങ്ങൾ വരുത്തുമെന്നു മെംബർ പോപ്പിജോൺ പറഞ്ഞു.