മംഗലം ഗവ. എൽപി സ്കൂളിലെ എഴുത്തുകൂട്ടം ശ്രദ്ധേയമാകുന്നു
1574194
Tuesday, July 8, 2025 11:25 PM IST
വടക്കഞ്ചേരി: മംഗലം ഗവ. എൽപി സ്കൂളിൽ നടന്നുവരുന്ന എഴുത്തുകൂട്ടം കൂട്ടായ്മ ശ്രദ്ധേയമാകുന്നു. വായനാതല്പരരും എഴുത്തുമോഹികളുമായവരുടെ കൂടിച്ചേരലാണിത്. മാസത്തിൽ ഒരുതവണ ഇവർ ഒത്തുകൂടും. എഴുതിയ കവിതകളും കഥകളും അനുഭവങ്ങളും പങ്കുവയ്ക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് ചർച്ച നടത്തും. സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കും.
കുറവുകളും മേന്മകളും പരസ്പരം ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കും. കൂട്ടായ്മയിൽ എല്ലാ പ്രായക്കാരുമുണ്ട്. ചെറിയ കുട്ടികൾ മുതൽ വലിയ പ്രായക്കാർ വരെ. വിവിധ രാഷ്ട്രീയ - മത ചിന്തകരുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമുണ്ട്. എന്നാൽ എല്ലാവരും ഒത്തുകൂടുമ്പോൾ മറ്റെല്ലാ ചിന്തകളും മാറ്റിനിർത്തി എഴുത്തിന്റെയും വായനയുടെയും സംശുദ്ധിയാണ് പരിഗണിക്കുക.
കൂട്ടായ്മയിൽ ആകൃഷ്ടരായി ഓരോ മാസത്തിലും പുതിയ എഴുത്തുകാരും വായനാതല്പരരും എത്തുന്നുണ്ടെന്ന് കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സാബു വർഗീസ് മാസ്റ്റർ, അജീഷ് കുമാർ എന്നിവർ പറഞ്ഞു. ഇക്കഴിഞ്ഞ ബഷീർ ദിനത്തിൽ പാലക്കാടിന്റെ ഇതിഹാസമുറങ്ങുന്ന തസ്രാക്കിലായിരുന്നു ഒത്തുകൂടൽ.
ഒ.വി. വിജയന്റെ കഥാപാത്രങ്ങളിലൂടെയുള്ള വിശകലനവും നടന്നു. യുവസാഹിത്യകാരന്മാരായ രാജേഷ് മേനോൻ, സുധി വണ്ടാഴി, കെ.ആർ. രാജേഷ് തുടങ്ങിയവർ അവരുടെ രചനകൾ കൂട്ടായ്മയിൽ പങ്കുവച്ചു.