സർക്കാർ ആതുരാലയങ്ങൾ തകർച്ചയിൽ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
1574198
Tuesday, July 8, 2025 11:25 PM IST
പാലക്കാട്: സംസ്ഥാനത്ത് പ്രാഥമിക കുടുംബാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ അത്യന്തം ദുരവസ്ഥയിലും തകർച്ചയിലുമാണെന്നും സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കാൻ തയ്യാറാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
ആവശ്യത്തിനു കെട്ടിടങ്ങളില്ലാതെയും ഡോക്ടർമാരും ജീവനക്കാരുമില്ലാതെയും ജനങ്ങൾ വലയുമ്പോൾ സംസ്ഥാന ഭരണകൂടം ജനങ്ങളിലേക്കിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്- മലമ്പുഴ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി പാലക്കാട് ജില്ലാ ആശുപത്രിക്കു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ആരോഗ്യ മേഖലയിലെ സംസ്ഥാന സർക്കാർ അവഗണനയ്ക്കെതിരെ കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെപിസിസി, ജില്ലാ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ പങ്കെടുത്തു.