നിരത്തുകളിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ; യാത്രക്കാർ ഭയാശങ്കയിൽ
1574190
Tuesday, July 8, 2025 11:25 PM IST
ഒറ്റപ്പാലം: മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യബസുകൾ റോഡുകളിൽ ഭീതി ജനിപ്പിക്കുന്നു. അമിതവേഗതയിലുള്ള സഞ്ചാരമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നത്. സ്വകാര്യബസുകളിൽ യാത്രചെയ്യുന്നവരും ശ്വാസമടക്കിപിടിച്ചാണ് ഇരിപ്പുറപ്പിക്കുന്നത്. അതേസമയം മറ്റ് സ്വകാര്യ ബസുകളുമായുള്ളസമയത്തെച്ചൊല്ലിയുള്ള തർക്കവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള കൊമ്പുകോർക്കൽ മരണപ്പാച്ചിലായി മാറുന്ന സ്ഥിതിയുമുണ്ട്.
അമിതവേഗതയിൽ സഞ്ചരിക്കുന്നതും സമയത്തെച്ചൊല്ലി ഇടയ്ക്ക് നിർത്തിയിട്ട് ജീവനക്കാർ തമ്മിൽ തർക്കിക്കുന്നതും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുന്നതുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇരുബസുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബസ് കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സമയക്രമം പാലിക്കാൻ മത്സരിച്ച് ഓടുന്ന ബസുകളിൽ യാത്രക്കാർക്ക് ജീവൻ കൈയിൽ പിടിച്ചിരിക്കേണ്ട ഗതികേടാണ്.
ഭീതിയോടെ ഇരിക്കുന്ന യാത്രക്കാർക്ക് പാതിവഴിയിൽ ഇറങ്ങേണ്ട സ്ഥിതിവരെ ഉണ്ടാകുന്നുവെന്നും പരാതിയുണ്ട്. ദീർഘദൂരബസുകൾ സമയം തെറ്റിച്ചു പായുന്നതും ലിമിറ്റഡ് സ്റ്റോപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണ് പ്രശ്നമാകുന്നത്. എല്ലാ ബസുകളും എല്ലാ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുന്നത് ഹ്രസ്വദൂര ബസുകളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും പരാതിയുണ്ട്.
ബസ് ഉടമകൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തേക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയമാണ് അനുവദിച്ചത്. എന്നാൽ ബസുകൾ ഒരുമണിക്കൂറിൽ ഓടിയെത്തുകയാണ് പതിവ്. ഇതാണ് ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാലക്കാട്-കുളപ്പുള്ളി പാതയിൽ എത്തുന്ന ബസുകളുമായി തർക്കത്തിന് ഇടയാക്കുന്നത്. പ്രധാനപാതയിൽ ഹ്രസ്വദൂര ബസുകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് ദീർഘദൂര ബസുകൾ എത്തുമ്പോൾ വരുമാനം കുത്തനെ കുറയുന്നതായാണ് ഉടമകളുടെ ആക്ഷേപം. പെർമിറ്റ് മാനദണ്ഡങ്ങൾ പാലിച്ച് ഓടണമെന്ന ഹൈക്കോടതി ഉത്തരവുകൾപോലും ദീർഘദൂര ബസുകൾ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം പാലക്കാട് -പട്ടാമ്പി റൂട്ടിൽ ഓടുന്ന ബസും പത്തിരിപ്പാല-ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബസും തമ്മിൽ സമയത്തെച്ചൊല്ലി തർക്കമുണ്ടായി. പാലപ്പുറം ചിനക്കത്തൂർകാവ് സ്റ്റോപ്പിൽ നിർത്തിയിട്ടായിരുന്നു തർക്കം. ഇതിനിടെയാണ് പെരിങ്ങോട്ടുകുറുശി നടുവത്ത്പാറ സ്വദേശിയായ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചത്. ട്രാൻസ്പോർട്ട് വകുപ്പ് അധികൃതരുടെയും പോലീസിന്റെയും ഇടപെടലുകൾ തീരെ കുറയുന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.