ഏലക്ക മോഷണം: രണ്ടുപേർ പിടിയിൽ
1485226
Sunday, December 8, 2024 3:45 AM IST
കട്ടപ്പന: കൃഷിയിടത്തിൽനിന്നു പച്ച ഏലക്ക മോഷണം നടത്തിയ രണ്ടുപേരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് (22) നായരുസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു (23) എന്നിവരാണ് അറസ്റ്റിലായത്. 50 കിലോയോളം പച്ച ഏലയ്ക്ക ഇവരിൽനിന്നു കണ്ടെടുത്തു.
വെള്ളിയാഴ്ച പകൽ പുറ്റടി അമ്പലമേട് ഭാഗത്താണ് ഏലത്തോട്ടത്തിൽ പ്രതികൾ മോഷണം നടത്തിയത്. മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ പോലീസിന് കൈമാറി.
കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയിൽ പല ഏലത്തോട്ടങ്ങളിലും പച്ച ഏലക്ക മോഷണം പതിവായിരുന്നു. നെടുംകണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.