വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കി
1599727
Tuesday, October 14, 2025 11:53 PM IST
തൊടുപുഴ: വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ ജില്ലയിലും പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്താകെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിച്ചത്. ആദ്യ ദിനംതന്നെ എയർ ഹോണ്‍ ഘടിപ്പിച്ച 17 വാഹനങ്ങൾ പിടിച്ചെടുത്തു. ഇവരിൽനിന്ന് 42,000 രൂപ പിഴയും ഈടാക്കി.
തിങ്കളാഴ്ച മുതൽ 19 വരെയാണ് അമിത ശബ്ദം മുഴക്കുന്ന എയർ ഹോണുകൾ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. എയർഹോണുകൾ കൂടുതലായി ഘടിപ്പിക്കുന്ന ബസുകൾ, ഗുഡ്സ് വാഹനങ്ങൾ, ലോറികൾ എന്നിവയാണ് കൂടുതലായി പരിശോധിക്കുന്നത്. ആർടിഒ ഓഫീസുകളുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന.
2000 മുതൽ പിഴ
കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രി കെ.ബി. ഗണേഷ്കുമാർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിത വേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരേ മന്ത്രി ഉടൻ നടപടി എടുത്തിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. പിടികൂടുന്ന വാഹനങ്ങൾക്ക് ആദ്യപടിയായി 2000 രൂപ വീതം പിഴയീടാക്കും. നിയമലംഘനം ആവർത്തിച്ചാൽ 10,000 രൂപ വീതം പിഴയീടാക്കാനാണ് നിർദേശം.
ഹോൺ തകർക്കും
അനുമതിയില്ലാതെ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന എയർഹോണുകൾ കണ്ടെത്തിയാൽ മാത്രം പോരാ ഇവ നിരത്തിലിട്ട് റോഡ് റോളർ കയറ്റി തകർത്തു കളയണമെന്ന നിർദേശമുണ്ട്. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേന കൈമാറണം. വാഹനങ്ങളിലെ എയർ ഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നു നേരത്തേ ഹൈക്കോടതിയും മോട്ടോർ വാഹന വകുപ്പിനു നിർദേശം നൽകിയിരുന്നു. ജില്ലയിൽ 19 വരെ രാത്രിയും പകലുമായി കർശന പരിശോധന തുടരാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.