ഹാട്രിക് മോഹവുമായി കാൽവരിയിലെ ചുണക്കുട്ടികൾ
1599989
Wednesday, October 15, 2025 11:27 PM IST
ടി.പി. സന്തോഷ്കുമാർ
ഇടുക്കി: ഹാട്രിക് കിരീടം ലക്ഷ്യമിട്ട് കാൽവരി മൗണ്ട് കാൽവരി ഹൈസ്കൂളിലെ ചുണക്കുട്ടികൾ ഇന്ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലിറങ്ങും. കഴിഞ്ഞ രണ്ടു വർഷവും കാൽവരി ഹൈസ്കൂളായിരുന്നു റവന്യു ജില്ലാ തലത്തിൽ ചാന്പ്യന്മാരായത്. സംസ്ഥാന തലത്തിൽ പത്താം സ്ഥാനത്ത് ജില്ലയെത്തിയപ്പോൾ പോയിന്റു തലത്തിൽ കൂടുതൽ സംഭാവനയും കാൽവരി ഹൈസ്കൂളിന്റേതായിരുന്നു. കായികാധ്യാപകനായ ടിബിൻ ജോസഫിന്റെ നേതൃത്വത്തിൽ 30 താരങ്ങളാണ് ഇന്നുമുതൽ കാൽവരി ഹൈസ്കൂളിന്റെ യശസുയർത്താനായി ട്രാക്കിലും ഫീൽഡിലുമായി മാറ്റുരയ്ക്കുന്നത്.
ഒരു കാലത്ത് കാൽവരി ഹൈസ്കൂളിലെ കുട്ടികൾ സംസ്ഥാന, ദേശീയ തലങ്ങളിൽ വരെ തിളങ്ങിയിരുന്നു. പിന്നീട് കായികവകുപ്പിന്റെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം സ്കൂളിനുണ്ടായിരുന്ന മേൽക്കോയ്മ നഷ്ടപ്പെട്ടു. സ്പോർട്സ് ഹോസ്റ്റൽ നിർത്തലാക്കിയതോടെ പത്തു വർഷത്തോളം സ്കൂളിലെ കായികമേഖലയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
2021ൽ ആണ് ടിബിൻ ജോസഫ് സ്കൂളിൽ കായികാധ്യാപകന്റെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി കായികമേളകളിൽ പങ്കെടുപ്പിച്ചു.
ഇതോടെ കാൽവരിയുടെ കുട്ടികൾ കായിക മേളകളിൽ വീണ്ടും മികച്ച മുന്നേറ്റം നടത്തി. കുട്ടികൾക്ക് കായിക പരിശീലന ഉപകരണങ്ങൾ സുമനസുകളുടെയും ഫ്രണ്ട്സ് ഓഫ് കാൽവരി സ്പോർട്സിന്റെയും സഹായത്തോടെ ലഭ്യമാക്കി.
ഹയർസെക്കൻഡറി വിഭാഗം ഇല്ലാതെയാണ് കഴിഞ്ഞ രണ്ടു വർഷവും കാൽവരിയുടെ തേരോട്ടം. നീണ്ട 21 വർഷത്തിനു ശേഷം ഇത്തവണ ഉപജില്ലാ ചാന്പ്യന്മാരുമായി. സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷം ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകളിൽ സ്വർണം ഉൾപ്പെടെ മെഡൽ നേടിയിരുന്നു.
സംസ്ഥാന മേളയിൽ കഴിഞ്ഞ വർഷം 100 മീറ്ററിൽ സ്വർണവും ദേശീയ മീറ്റിൽ വെങ്കലവും നേടിയ ദേവപ്രിയ ഷൈബു, ഹൈജംപിൽ സ്വർണം നേടിയ ദേവനന്ദ ഷൈബു, 600 മീറ്റർ സ്വർണ മെഡൽ ജേതാവ് അൻസിൽ ബിജു, മൂന്നു കിലോമീറ്റർ നടത്ത മത്സരത്തിൽ സ്വർണം നേടിയ ഡെവിന റോബിൻ, ഹൈജംപിൽ സ്വർണം നേടിയ ജോണ് ബിനോയി എന്നിവർ ഇത്തവണയും സ്കൂളിനായി ഗ്രൗണ്ടിലിറങ്ങും. സർക്കാർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ ഇടുക്കിയുടെ താരങ്ങൾ സംസ്ഥാന, ദേശീയ തലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈ വരിക്കുമെന്ന് പരിശീലകനായ ടിബിൻ പറഞ്ഞു.