ഇടുക്കി രൂപതയിൽ നാളെ മിഷൻ മണിക്കൂർ ആചരിക്കും
1600366
Friday, October 17, 2025 5:41 AM IST
കരിമ്പൻ: കത്തോലിക്കാ സഭ ഒക്ടോബർ മാസം ആഗോള മിഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ നാളെ മിഷൻ മണിക്കൂർ ആചരിക്കും. രാത്രി ഏഴു മുതൽ എട്ടു വരെ രൂപതയിലെ എല്ലാ കുടുംബങ്ങളും മിഷൻ മണിക്കൂറിൽ പങ്കെടുക്കും.
വാഴത്തോപ്പ് കത്തീഡ്രലിൽ നടക്കുന്ന മിഷൻ മണിക്കൂറിന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും. ശുശ്രൂഷയിൽ വികാരി ഫാ. ലൂക്ക് ആനിക്കുഴിക്കാട്ടിൽ ആമുഖ സന്ദേശം നൽകും. തുടർന്ന് മിഷൻ ജപമാലയും മിഷൻ അനുഭവം പങ്കുവയ്ക്കലും നടക്കും. മാർ ജോൺ നെല്ലിക്കുന്നേലിന്റെ മിഷൻ സന്ദേശത്തോടും സമാപന ആശീർവാദത്തോടും കൂടി മിഷൻ മണിക്കൂർ സമാപിക്കും. മിഷൻ വാരാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക മിഷൻ എക്സിബിഷൻ കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
മിഷനറിമാർക്ക് വേണ്ടി പ്രാർഥിക്കുന്നതിനും വിശ്വാസീസമൂഹത്തിൽ ആകമാനം പ്രേഷിത ചൈതന്യം വളർത്തുന്നതിനും ഈ മിഷൻ മണിക്കൂർ ആചരണം സഹായകമാകുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഞായറാഴ്ച രൂപതയിലെ എല്ലാ പള്ളികളിലും മിഷൻ ഞായർ വിപുലമായ പരിപാടികളോടെ ആചരിക്കും.
ഇടുക്കി രൂപതയുടെ പ്രത്യേക മിഷൻ പ്രദേശമായ അരുണാചൽ പ്രദേശിലെ സാന്റാ മരിയ മിഷനിലെ പ്രവർത്തനങ്ങളും ഒപ്പം ലെയോ പതിനാലാമൻ മാർപാപ്പയുടെ മിഷൻ സന്ദേശവും ആളുകളിൽ എത്തിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും സാധ്യമാകുന്ന പരിപാടികളാണ് മിഷൻ ഞായറിനോടനുബന്ധിച്ച് ഇടവകകൾതോറും ക്രമീകരിച്ചിട്ടുള്ളത്. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ലൂക്ക് ആനിക്കുഴികാട്ടിൽ, ഫാ. ഫിലിപ്പ് ഐക്കര, ഫാ. ആന്റണി പാലാപ്പുളിക്കൽ, ഫാ. ജിൻസ് കാരക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.