വന്യജീവി പ്രശ്നം പരിഹരിക്കും: മന്ത്രി ശശീന്ദ്രൻ
1599730
Tuesday, October 14, 2025 11:53 PM IST
ഇടുക്കി: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിന്റെ ലഘൂകരണ യജ്ഞത്തിന്റെ മൂന്നാം ഘട്ട അവലോകന യോഗം കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനംവകുപ്പിലെ ജീവനക്കാർക്കും ആധുനിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 29 പഞ്ചായത്തുകളെ വന്യജീവി ആക്രമണം ലഘൂകരണ തീവ്രയജ്ഞ പരിപാടിയിൽ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 14 പഞ്ചായത്തുകളിലാണ് സംഘർഷം തീവ്രമായിട്ടുള്ളത്. ഈ പഞ്ചായത്തുകളിൽനിന്ന് ഒന്നാംഘട്ടം 1527 പരാതികൾ ലഭിച്ചു. സംഘർഷ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് 1317 പരാതി ലഭിച്ചു. ഇതിൽ 768 പരാതികളിൽ പരിഹാരം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടമായാണ് 45 ദിവസത്തെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.
എം.എം. മണി എംഎൽഎ, ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാർ, ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് കുമാർ, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.