ശുചിമുറികള്‍ തുറക്കുന്നില്ല; ഐഎന്‍ടിയുസി സമരത്തിന്
1600382
Friday, October 17, 2025 6:06 AM IST
നെടുങ്കണ്ടം: അടഞ്ഞുകിടക്കുന്ന നെടുങ്കണ്ടത്തെ പൊതു ശുചിമുറികള്‍ അടിയന്തരമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനവും തേക്കടി - മൂന്നാര്‍ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇടത്താവളവുമായ നെടുങ്കണ്ടത്ത് ഉപയോഗയോഗ്യമായ ശൗചാലയം ഒന്നുപോലും ഇല്ലാത്തത് മനുഷ്യാവകാശ ലംഘനമാണ്.
വിവിധ ഓഫീസ് ആവശ്യങ്ങള്‍ക്കും കോടതി, താലൂക്ക് ആശുപത്രി, സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലേക്കും ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ശുചിമുറി ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നെടുങ്കണ്ടം ബസ് സ്റ്റാൻഡ്, പടിഞ്ഞാറേക്കവല ബസ് സ്റ്റോപ്പ്, കിഴക്കേക്കവല എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പൊതു ശുചിമുറികള്‍ ഉണ്ടെങ്കിലും ഇവ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ഇതിനെതിരേ നിരവധി പരാതികള്‍ നല്‍കിയിട്ടും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. നിലവിലുള്ള ശുചിമുറികള്‍ എത്രയും വേഗം ഉപയോഗയോഗ്യമാക്കി തുറന്നുനല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്ന് ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ്് അനില്‍ കാട്ടൂപ്പാറ, കെ.ആര്. രാമചന്ദ്രന്, ജോസഫ് വെച്ചൂര്‍ എന്നിവര്‍ അറിയിച്ചു.