റവന്യു ജില്ലാ സ്കൂൾ കായികമേള : ഇന്ന് തീ പാറും
1599987
Wednesday, October 15, 2025 11:27 PM IST
നെടുങ്കണ്ടം: പതിനെട്ടാമത് റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയേറും. മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മാമാങ്കത്തിൽ 2500ഓളം കായികതാരങ്ങൾ മാറ്റുരയ്ക്കും. ജില്ലയിലെ ഏഴ് സബ് ജില്ലകളിൽനിന്നാണ് മത്സരാർഥികൾ എത്തുന്നത്. സബ്ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്നു രാവിലെ ഒന്‍പതിന് രജിസ്ട്രേഷൻ. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പതാകയുയർത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ എം.എം. മണി എംഎൽഎ കായികമേള ഉദ്ഘാടനം ചെയ്യും. മേളയുടെ പ്രചാരണാർഥം ഇന്നലെ നെടുങ്കണ്ടം ടൗണിൽ ദീപശിഖാ പ്രയാണം നടത്തി.
പബ്ലിസിറ്റി കണ്‍വീനർ ടി. ശിവകുമാർ ദീപശിഖ തെളിച്ചു. ആർഡിഎസ്ജിഎ സെക്രട്ടറി എ. സുനീഷ് പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.
ദേശീയ ജൂഡോ മെഡൽ ജേതാവ് ഗോഡ്വിൻ പി. ബിനോയി നേതൃത്വം നൽകി. സ്റ്റേഡിയത്തിൽ കിഷോർ പി. ഗോപിനാഥ് ദീപശിഖ ഏറ്റുവാങ്ങി സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. മേളയിലെ ആകർഷക ഇനമായ നൂറു മീറ്റർ ഓട്ടത്തോടെ ട്രാക്കിലെ മത്സരങ്ങൾ ആരംഭിക്കും.