പോക്സോ: ഒളിവില്‍പ്പോയ പ്രതി പിടിയിൽ
1599726
Tuesday, October 14, 2025 11:53 PM IST
നെടുങ്കണ്ടം: പോക്സോ കേസില്‍ അപ്പീല്‍ ജാമ്യത്തിലിരിക്കേ ഒളിവില്‍പ്പോയ പ്രതിയെ ഉടുമ്പന്‍ചോല പോലീസ് തിരുപ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശി പാറയില്‍ രമേശ് (36) ആണ് പിടിയിലായത്. ഇയാളെ കട്ടപ്പന പോക്സോ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ടര വര്‍ഷം ശിക്ഷ അനുഭവിച്ച പ്രതി കഴിഞ്ഞ വര്‍ഷം അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു.
ബംഗളൂരുവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ മൂന്ന് ദിവസമായി തിരുപ്പൂരില്‍ ഉള്ളതായുള്ള രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല സിഐ പി.ഡി. അനൂപ്മോന്‍, എസ്ഐ ബിജു ഇമ്മാനുവേല്‍, സിപിഒമാരായ റെക്സ് വി. ചെറിയാന്, ജോബിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.