"ചിന്ന ചിന്നൈ ആശൈ'യുടെ ഭാഗമായി പ്രിയതാരം : കുട്ടികൾക്കൊപ്പം ചിരിച്ചും സല്ലപിച്ചും മഞ്ജു വാര്യർ
1485217
Sunday, December 8, 2024 3:28 AM IST
തൊടുപുഴ: താരപ്പൊലിമയില്ലാതെ കുട്ടികൾക്കിടയിലേക്ക് മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യർ എത്തി. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചിന്ന ചിന്ന ആശൈ പരിപാടിയുടെ ഭാഗമായാണ് മഞ്ജു വാര്യർ തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ കാത്തിരുന്ന കുട്ടികൾക്കരികിലേക്ക് എത്തിയത്.
പിന്നീട് കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് പാട്ടു പാടിയും നൃത്തമാടിയും താരം അവരിലൊരാളായി മാറി. പിന്നീട് താരത്തെ തൊടാനായി മത്സരിച്ച് കുട്ടിക്കൂട്ടുകാർ ഓടിയെത്തി.
ജില്ലയിലെ വിവിധ ചൈൽഡ് ഹോമുകളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനായാണ് കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ചിന്ന ചിന്ന ആശൈ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ശിശുദിനത്തിന്റെ ഭാഗമായാണ് പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്ന പദ്ധതി ആവിഷ്കരിച്ചത്. കിം കിം പാട്ട് ഈണത്തിൽ മഞ്ജു പാടിയപ്പോൾ കുട്ടികളും ഏറ്റുപാടി. കുട്ടികളുടെ ഏക ആവശ്യം അവർക്കൊപ്പം താരം നൃത്തമാടണം, ചിത്രമെടുക്കണം എന്നതായിരുന്നു.
ആ ആഗ്രഹത്തിനെല്ലാം വഴങ്ങിയ മഞ്ജു വാര്യർ കെട്ടിപ്പിടിച്ചും നിറുകയിൽ ചുംബിച്ചും അവർക്കൊപ്പം കൂടി. പെണ്കുട്ടികൾക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചുവെന്ന് ആണ്കുട്ടികൾ പരിഭവം പങ്കുവച്ചപ്പോൾ അവർക്കടുത്തു ചെന്നും വിശേഷങ്ങൾ പങ്കിട്ടു. പരിപാടി ഏറെ അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ട മഞ്ജു ഇതിനായി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
കുട്ടികളുടെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലെന്നും വലിയ ആഗ്രഹങ്ങളുടെ ചെറിയ തുടക്കമാണ് ചിന്ന ചിന്ന ആശൈ എന്നും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. ശിശുദിനത്തിന്റെ ഭാഗമായി പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണ് ചിന്ന ചിന്ന ആശൈ.
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ന്യൂമാൻ കോളജിലെ എൻസിസി വനിതാ ബാന്റ് സംഘത്തെ കളക്ടറും മഞ്ജു വാര്യരും അഭിനന്ദിച്ചു. മധു ഭാസ്കർ ക്ലാസ് നയിച്ചു.
സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ജയകൃഷ്ണൻ, വിദ്യാർഥിയായ അഖില ബിജോയി, ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ എന്നിവർ പ്രസംഗിച്ചു.