ശാന്തിഗ്രാം പാലത്തിന്റെ അപകടാവസ്ഥ: എൻജിനിയർ ഒാഫീസ് ഉപരോധിച്ചു
1459865
Wednesday, October 9, 2024 6:00 AM IST
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കട്ടപ്പന അസി.എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു.
വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന പാലത്തിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ തകർന്നതോടെ പാലം അപകടത്തിലായിരുന്നു. പാലം പുനർനിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇരട്ടയാർ ടൗണിൽ നിന്നും പ്രകടമായി പ്രവർത്തകർ പാലത്തിലേക്ക് എത്തി പ്രതിഷേധ യോഗം നടത്തി.
ഡിസിസി സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി വൈ.സി. സ്റ്റീഫൻ, റെജി ഇലിപ്പുലിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ കട്ടപ്പന പിഡബ്ല്യുസി അസിസ്റ്റൻഡ് എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു. കട്ടപ്പന പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.