തൊടുപുഴ ഉപജില്ലാ ഓഫീസ് നാഥനില്ലാക്കളരി
1458709
Friday, October 4, 2024 2:03 AM IST
തൊടുപുഴ: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം. നിയമനം നടക്കാത്തതിനാൽ അധ്യാപകരുടെ ഒൗദ്യോഗിക കാര്യങ്ങൾ പോലും നടക്കാത്ത അവസ്ഥയാണെന്ന പരാതി വ്യാപകമാണ്.
എഇഒയുടെ ചുമതല അറക്കുളം എഇഒയ്ക്കും സൂപ്രണ്ടിന്റെ ചാർജ് നെടുങ്കണ്ടം ഉപജില്ലാ ഓഫീസിലെ സൂപ്രണ്ടിനുമാണ് അധികച്ചുമതലയായി നൽകിയിരിക്കുന്നത്. തൊടുപുഴയിലെ ഒഴിവുകൾ നികത്താൻ സർക്കാർ തയാറാകാത്തതുമൂലം ഉപജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവർത്തനംതന്നെ താളം തെറ്റിയിരിക്കുകയാണെന്ന് അധ്യാപകർ പറയുന്നു.
തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ 70 -ഓളം സ്കൂളുകളാണുള്ളത്. പല സ്കൂളുകളിലെയും അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനങ്ങൾ, പ്രോവിഡന്റ് ഫണ്ട്, ബില്ലുകൾ, സ്ഥലംമാറ്റം അംഗീകരിക്കൽ, എയ്ഡഡ് സ്കൂളുകളിലെ റോസ്റ്റർ ഡേറ്റ, വെരിഫിക്കേഷൻ തുടങ്ങി സ്കൂളുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവതാളത്തിലായ നിലയിലാണ്.
വിദ്യാലയങ്ങളുടെ സുഗമമായ നടത്തിപ്പിന് എഇഒ, സൂപ്രണ്ട് എന്നിവരുടെ സേവനം ഉപജില്ലാ ഓഫീസിൽ അത്യാവശ്യമാണ്. എന്നാൽ അധ്യയനവർഷത്തിലെ രണ്ടാം ടേം എത്തിയിട്ടും തസ്തികകൾ നികത്താത്തതിനാൽ സ്കൂളുകളിലെ പ്രധാനാധ്യാപകർ ഉൾപ്പെടെയാണ് ദുരിതമനുഭവിക്കുന്നത്.
ഉപജില്ലാ തലത്തിൽ കായിക മേള, കലോത്സവം എന്നിവ ഇപ്പോൾ നടന്നുവരികയാണ്. മറ്റ് ഉപ ജില്ലകളിൽ ഇതിന്റെ ക്രമീകരണങ്ങൾ പൂർത്തിയായെങ്കിലും തൊടുപുഴ ഉപജില്ലയിൽ ഇതിന്റെ മുന്നൊരുക്കങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക യോഗം പോലും വിളിച്ചുചേർത്തിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മേളകളുടെ ദിവസങ്ങളും മറ്റും നിശ്ചയിക്കാത്തത് സ്കൂൾ അധികൃതർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ആക്ഷേപമുണ്ട്. അതിനാൽ അടിയന്തരമായി എഇഒ, സൂപ്രണ്ട് എന്നിവരെ നിയമിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.