കട്ടപ്പന-പുളിയന്മല പാതയിൽ വീണ്ടും വാഹനം കുടുങ്ങി ; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
1453919
Tuesday, September 17, 2024 11:28 PM IST
കട്ടപ്പന: തൊടുപുഴ -പുളിമല സംസ്ഥാനപാതയുടെ ഭാഗമായ പുളിയന്മല - കട്ടപ്പന റോഡിൽ കൊടും വളവിൽ വാഹനങ്ങൾ കുടുങ്ങി ഉണ്ടാകുന്ന ഗതാഗത തടസം നിത്യ സംഭവമായി. ഇന്നലെ പുളിയന്മയിൽനിന്നുള്ള ഒന്നാം വളവിൽ സ്കൂൾ വിദ്യാർഥികളുമായ വന്ന ടൂറിസ്റ്റ് ബസ് കുടുങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഞ്ചു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു.
റോഡിന്റെ ശേച്യാവസ്ഥ മൂലം വലിയ വാഹനങ്ങൾ വളവിൽ കുടുങ്ങി ഗതാഗതതടസം ഉണ്ടാകുന്നത് പതിവു സംഭവമായിരിക്കുകയാണ്. ഒരു മാസത്തെ കണക്കെടുത്താൽ പത്തിലധികം തവണയാണ് പാതയിൽ ഇത്തരത്തിൽ പൂർണമായി ഗതാഗതം തടസപ്പെട്ടിട്ടുള്ളത്. കട്ടപ്പന മുതൽ പുളിയന്മലവരെ പാതയിൽ അഞ്ചോളം എസ് വളവുകളാണുള്ളത്. വലിയ വാഹനങ്ങൾ ഇറക്കം ഇറങ്ങി വളവു തിരിഞ്ഞു വരുന്പോൾ വാഹനത്തിന്റെ അടിവശം വഴിയിൽ തട്ടി വാഹനം കുടുങ്ങുകയാണ്. കൊടും വളവും ഇറക്കവുമുള്ള ഭാഗത്തെ ഗർത്തങ്ങളും ആവശ്യത്തിനു വീതിയില്ലാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇറക്കം കുറയ്ക്കുകയും റോഡിനു വീതു കൂട്ടുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നം അധികൃതർ അവഗണിക്കുകയാണ്. വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങുന്നതിനാൽ അത്യാഹിത രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങികിടക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ബസുകളും മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ നിരന്തരം അപകടങ്ങളും ഗതാഗത തടസങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞ ഭാവം പോലും കാട്ടുന്നില്ല. ഇതു വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരിക്കുകയാണ്.
കഴിഞ്ഞദിവസം ലോഡുമായി എത്തിയ കണ്ടെയ്നർ കുടുങ്ങി പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് കട്ടപ്പനയിൽനിന്നു പോലീസും ഫയർഫോഴ്സും എത്തിയാണ് ജെസിബി ഉപയോഗിച്ച് മണിക്കൂറുകൾ പണിപ്പെട്ടാണ് വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.