കലുങ്കുനിർമാണം വൈകുന്നു ; ഗതാഗതക്കുരുക്ക് രൂക്ഷം
1417256
Friday, April 19, 2024 12:29 AM IST
കട്ടപ്പന: കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയുടെ ഭാഗമായ കട്ടപ്പന - നരിയമ്പാറ റീച്ചിലെ ബിഎം ബിസി ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കിയിട്ടും കലുങ്ക് നിർമാണം പാതിവഴിയിൽ നിലച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
സ്കൂൾ കവലയിലും നരിയമ്പാറ പ്ലാമൂട് ജംഗ്ഷനിലുമാണ് കലുങ്ക് നിർമാണത്തിന്റെ പേരിൽ വൺവേയായി ട്രാഫിക് നിയന്ത്രിച്ചിരിക്കുന്നത്. ഇടുക്കികവലയിൽനിന്നു സെന്റ് ജോൺസ് ആശുപത്രി റോഡ് വഴി വാഹനങ്ങൾ എത്തുന്ന സ്കൂൾ കവലയിലാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത്.
ഇടുക്കിക്കവല - നരിയമ്പാറ പാറ റീച്ചിലെ മറ്റ് കലുങ്കുകളുടെ നിർമാണം പൂർത്തിയായതാണ്. എന്നാൽ, എസ്റ്റിമേറ്റിലെ പിഴവുമൂലം സ്കൂൾകവല, പ്ലാമൂട് ജംഗ്ഷൻ എന്നിവിടങ്ങളിലെ കലുങ്കുകൾ ഉൾപ്പെട്ടിരുന്നില്ല. ഇതാണ് നിലവിലെ സാങ്കേതിക തടസം എന്നാണ് സൂചന. നിർമാണം പാതിവഴിയിൽ നിർത്തിവച്ചതോടെ പൊതുജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.