കാമറ റെഡി, കൂടെവിടെ, കരടിയെ വീഴ്ത്താൻ
1338823
Wednesday, September 27, 2023 11:31 PM IST
കുമളി: അട്ടപ്പള്ളത്ത് കരടി എത്തിയതിനു പിന്നാലെ വനം വകുപ്പ് കാമറ സ്ഥാപിച്ച് തടിയൂരി. കരടിയെ കണ്ടെത്താൻ സ്ഥാപിച്ചിരിക്കുന്ന കാമറയ്ക്ക് മുന്നിൽ കരടിയെത്തണം, അല്ലെങ്കിൽ നാട്ടുകാർ കാമറയ്ക്കു മുന്നിൽ കരടിയെ എത്തിക്കണം എന്നതായി സ്ഥിതി. കാമറയിൽ കരടി കുടുങ്ങിയാൽ അവിടെ കൂടു സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ പദ്ധതി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രദേശത്ത് നാട്ടുകാർ കരടിയെ കണ്ടത്. ഇതിനെ തുടർന്നു വനപാലകർ സ്ഥലത്തു കാമറ സ്ഥാപിക്കുകയായിരുന്നു. കരടിയെ കുടുക്കാനുള്ള കൂടു സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധങ്ങൾക്കു കാരണമായിട്ടുണ്ട്.
ആവശ്യത്തിന് കൂടില്ലെന്നാണ് വനം വകുപ്പിന്റെ ന്യായം. പുലിയെ കുടുക്കാൻ ഒന്നിലധികം കൂടുകൾ ചെങ്കരയിൽ സ്ഥാപിച്ചതാണ് കൂടു ക്ഷാമത്തിനു കാരണമെന്നും പറയുന്നു.