റിവർവ്യൂ റോഡ് നിർമാണം: ജനകീയ കൂട്ടായ്മ
1281588
Monday, March 27, 2023 11:39 PM IST
തൊടുപുഴ: അലൈൻമെന്റ് പ്രകാരം റിവർവ്യൂ റോഡിന്റെ വീതികൂട്ടി നിർമിക്കുന്ന ജോലി എത്രയും വേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് റിവർവ്യൂ റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടത്തി. ട്രാക്ക് പ്രസിഡന്റ് ജയിംസ് ടി. മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. റിവർവ്യൂ റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റ് പ്രസിഡന്റ് സോമശേഖരപിള്ള അധ്യക്ഷത വഹിച്ചു.
റോഡിന്റെ പ്രവേശനകവാടമായ ചാഴികാട്ട് ആശുപത്രി ജംഗ്ഷനിൽ റവന്യുവകുപ്പ് ഏറ്റെടുത്ത് പിഡബ്ല്യുഡിക്കു കൈമാറിയ സ്ഥലത്തെ കെട്ടിടം നീക്കംചെയ്യാത്തത് റോഡിന്റെ പൂർത്തീകരണത്തിനു തടസമായിരിക്കുകയാണ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് അധികൃതർ അലംഭാവം കാട്ടുകയാണെന്നും ഈ സാഹചര്യത്തിലാണ് പ്രദേശത്തെ അഞ്ചു റസിഡന്റ്സ് അസോസിയേഷനുകൾ ചേർന്ന് റിവർവ്യൂ റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന പേരിൽ പൊതുവേദി രൂപീകരിച്ചതെന്നും ഇവർ പറഞ്ഞു.
റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാരായ ടി.സി. രാജു തരണിയിൽ, ശ്രീനിവാസൻ, സജീന്ദ്രൻ, തോമസ് കൂട്ടുങ്കൽ, മെജോ വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.