എൽഡിഎഫ് ഹർത്താൽ ജനവഞ്ചന: ജോയി വെട്ടിക്കുഴി
1280827
Saturday, March 25, 2023 10:31 PM IST
കട്ടപ്പന: ഭൂനിയമഭേദഗതിയുടെ പേരിൽ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ് ഇടുക്കിയിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
ജില്ലയിലെ മൂന്ന് എംഎൽഎമാർ നിയമസഭയിലും ഒരു മന്ത്രി കാബിനറ്റിലുമുണ്ടായിട്ടും നിയമഭേദഗതിക്കുവേണ്ടി ഭരണമുന്നണി ഹർത്താൽ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
കഴിഞ്ഞ മൂന്നര വർഷമായി ഇടുക്കി ജില്ലയിലെ ജനങ്ങളുടെമേൽ നിർമാണ നിരോധനം അടിച്ചേൽപ്പിച്ചത് തങ്ങളുടെ ഗവണ്മെന്റാണെന്നും തങ്ങൾ പറഞ്ഞിട്ട് ഗവൺമെന്റ് തെറ്റു തിരുത്തുവാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നതെന്നുകൂടി നേതാക്കൾ ജനങ്ങളോടു പറയാൻ തയാറാകണം.
2019 ഓഗസ്റ്റിൽ ഗവൺമെന്റ് കൊണ്ടുവന്ന നിർമാണനിരോധനം പിൻവലിക്കുമെന്ന് 2019 ഡിസംബർ 17നും 2021ലെ തെരഞ്ഞെടുപ്പ് സമയത്തും 2023 ജനുവരി 10നും മുഖ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പു പാലിക്കാത്തതിന്റെ കാരണം നേതാക്കൾ വ്യക്തമാക്കണം.
ബഫർ സോൺ കേരളത്തിൽ നടപ്പാക്കുന്നതിന് ഗവൺമെന്റ് തീരുമാനിച്ചശേഷം ബഫർ സോണിനെതിരേ ഹർത്താൽ നടത്തി തട്ടിപ്പ് കാണിച്ചവരാണ് എൽഡിഎഫ്. ഈസ്റ്റർ, റംസാൻ സീസണിൽ ഗവൺമെന്റിനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിപ്പിക്കുന്നതിനാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നതെന്നു ജോയി വെട്ടിക്കുഴി ആരോപിച്ചു.