ആതിരയ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
1245693
Sunday, December 4, 2022 10:22 PM IST
മുട്ടം: സ്വകാര്യ ഹോട്ടൽ ഉദ്ഘാടനത്തിനെത്തിയ കുടയത്തൂർ അന്ധവിദ്യാലയത്തിലെ വിദ്യാർഥിനി ആതിരയ്ക്ക് സ്വന്തമായി വീടെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പയായി ആചടങ്ങ് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മുട്ടം ശങ്കരപ്പിള്ളിയിൽ ഒരു വർഷം മുന്പ് ആരംഭിച്ച ഇടുക്കി ഗോൾഡ് ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്ധവിദ്യാർഥിനിയായ ആതിരയായിരുന്നു.
ഹോട്ടൽ ഉടമയായ കുഴിപ്പിള്ളിൽ ഇന്നസെന്റിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ആതിര ചടങ്ങിനെത്തിയത്. ആതിരയുടെ പശ്ചാത്തലം മനസിലാക്കിയ ഇന്നസെന്റ് അന്നൊരു തീരുമാനമെടുത്തു.
ഒരു വർഷത്തിനുള്ളിൽ ആതിരയ്ക്ക് വീട് വാങ്ങി നൽകുമെന്ന്. ആ തീരുമാനമാണ് കൃത്യം ഒരു വർഷത്തിനുള്ളിൽ അദ്ദേഹം നടപ്പാക്കിയത്. മുട്ടം തോട്ടുംകരയ്ക്കു സമീപമാണ് ഹോട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആതിരയ്ക്ക് വീടു വാങ്ങി നൽകിയത്.
മുട്ടം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.രാധാകൃഷ്ണൻ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. സെക്രട്ടറി റെന്നി ആലുങ്കൽ, അന്ധവിദ്യാലയം പ്രിൻസിപ്പൽ ശശികുമാർ എന്നിവർ പ്രസംഗിച്ചു.
കുടയത്തൂർ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആതിര. മൂവാറ്റുപുഴ പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗണേശൻ-രജനി ദന്പതികളുടെ മകളാണ് ആതിര.കുടയത്തൂർ അന്ധവിദ്യാലയത്തിലെ വിദ്യാർഥികളും ചടങ്ങിന് എത്തിയിരുന്നു.