തകർന്ന് തരിപ്പണമായി മുട്ടുകാട് ബൈസണ്‍വാലി റോഡ്
1223595
Thursday, September 22, 2022 10:10 PM IST
മുട്ടുകാട്: മുട്ടുകാട് ബൈസണ്‍വാലി റോഡ് തകർന്ന് തരിപ്പണമായി. സ്കൂൾ കുട്ടികളും നിരവധി വിനോദ സഞ്ചാരികളുമടക്കം സഞ്ചരിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയുമായി വെള്ളം കെട്ടി കിടക്കുന്നത്. വാഹനങ്ങൾ കടന്നുപോകുന്പോൾ കുഴികളിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് പതിവാണ്.
ടൂറിസം കേന്ദ്രങ്ങളായ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിലേക്കും തിരികെ മൂന്നാറിലേക്കും ഇതുവഴിയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത്. ഗ്യാപ് റോഡിൽ തടസങ്ങളുണ്ടാകുന്പോഴും വാഹനയാത്രികർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഇതുവരെ തീരുമാനമായിട്ടില്ല.
റോഡ് അടിയന്തരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മുട്ടുകാട് സെന്റ് ജോർജ് പളളി വികാരി ഫാ. ജോസഫ് മേനംമൂട്ടിൽ ആവശ്യപ്പെട്ടു.