കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. ഈസ്റ്റര്‍ വരെ പ്രചാരണത്തിന് അവധി. ഏപ്രിലില്‍ റാംസാനും വിഷുവിനും രണ്ടു ദിവസം പ്രചാരണം മങ്ങും. 24ന് പ്രചാരണക്കൊടി ഇറക്കും. 26നാണ് ജനവിധി. അനുഭവത്തില്‍ 25 ദിവസത്തെ പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ബാക്കിയുള്ളത്. കണ്‍വന്‍ഷനുകളും റോഡ് ഷോകളുമൊക്കെയായി ആളും കാശും ഇറക്കേണ്ട ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദേശീയ, സംസ്ഥാന നേതാക്കളുടെ വരവാണ് ഇനിയുള്ള വിശേഷം.
എന്‍ഡിഎയ്ക്കുവേണ്ടി കോട്ടയത്ത് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിര്‍മല സീതാരാമന് എന്നിവരെത്തും. സമ്മേളന സ്ഥലവും തീയതികളും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസില്‍ രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന് പൈലറ്റ് എന്നിവര്‍ വരും. എല്‍ഡിഎഫില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, പിണറായി വിജയന്, എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.എ. ബേബി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഓരോ അസംബ്ലി മണ്ഡലത്തിലും ഓരോ പ്രമുഖനെ എത്തിക്കാനാണ് മുന്നണി തീരുമാനം. കോട്ടയം, പാലാ, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളില്‍ സമാപനദിവസങ്ങളില്‍ റോഡ് ഷോ നടത്തും.