മെഡി. കോളജ് ആശുപത്രിയിൽ കാസ്പ് ഓഫീസ് പ്രവർത്തനം താളംതെറ്റുന്നു
1576359
Thursday, July 17, 2025 12:03 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് ഓഫീസ് പ്രവർത്തനം താളം തെറ്റുന്നു. നാഥനില്ലാക്കളരിയായി കാസ്പ് ഓഫീസ് മാറുന്നുവെന്ന് ആക്ഷേപം. സൂപ്രണ്ടിനും അക്കൗണ്ട് ഓഫീസർക്കും ജില്ലാ കളക്ടറുടെ താക്കീത്. ഇവിടത്തെ കരാർ ജീവനക്കാരിയുടെ വീഴ്ച മൂലം സ്വകാര്യ ലാബിനും മറ്റ് സ്ഥാപനങ്ങൾക്കും ലഭിക്കേണ്ട കോടികൾ ലഭിക്കാതെ വന്നതോടെ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് ഇരുവർക്കും കളക്ടർ താക്കീത് നൽകിയത്. എന്നാൽ, ജോലിയിൽ വീഴ്ചവരുത്തിയ കരാർ ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും അധികൃതർ തയാറായിട്ടില്ല. കാസ്പ് പദ്ധതി പ്രകാരമുള്ള വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ ഡേറ്റാ എൻട്രി ഓപ്പറേറ്ററായ ജീവനക്കാരി തയാറാകാതെ വന്നതോടെയാണ് വിവിധ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട കോടികൾ നഷ്ടമായത്.
കൃത്യമായി ഇതിന്റെ രജിസ്റ്ററും സൂക്ഷിച്ചിരുന്നില്ല. ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കേണ്ട എൻഎച്ച്എം. പിആർഒയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളായി ഇവിടത്തെ കരാർ ജീവനക്കാരാണ് കാസ്പ് ഓഫീസ് പ്രവർത്തനം നടത്തുന്നത്.
ജോലിയിൽ ഗുരുതര ക്രമക്കേട് കാട്ടിയ മറ്റൊരു കരാർ ജീവനക്കാരിയെ ഏതാനും നാൾ മുൻപ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷം മറുപടി തൃപ്തികരമല്ലാതെ വന്നതോടെയാണ് ഈ ജീവനക്കാരിയെ പിരിച്ചു വിട്ടത്. സൂപ്രണ്ട് ഉൾപ്പെടെയുള്ള അധികാരികൾ ഇക്കാര്യങ്ങളിൽ ഗുരുതര വീഴ്ചയാണ് കാട്ടുന്നതെന്നും ആക്ഷേപം.