ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി
1576352
Thursday, July 17, 2025 12:03 AM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവി(66)നെയാണ് അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവതത്തിലേക്ക് തിരികെയെത്തിച്ചത്. പത്തുമണിക്കൂർ നീണ്ടുനിന്നതും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയയേക്കാൾ അതീവ സങ്കീർണമായതുമായ ശസ്ത്രക്രിയയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആരോഗ്യസംരക്ഷണ പദ്ധതിയിൽ മൂന്നു ലക്ഷം രൂപ മാത്രമാണ് ചെലവുവന്നത്.
ശബ്ദ വ്യത്യാസത്തെത്തുടർന്നാണ് രണദേവ് ഇഎൻടി ഒപി യിലെത്തിയത്. വിശദ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സിടി സ്കാനിൽ ഹൃദയത്തിൽനിന്നു ശുദ്ധരക്തം വഹിച്ചു ശരീരഭാഗങ്ങളിലേക്ക് എത്തിക്കുന്ന മഹാധമനിയിൽനിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്ത് വീക്കം (അയോർട്ടിക് ആർച്ച് അന്യൂറിസം) കണ്ടെത്തി.
ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന രോഗവാസ്ഥ കണ്ടെത്തിയ ഡോക്ടർമാർ രണദേവിനെ സൂപ്പർ സ്പെഷ്യാലിറ്റിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മേയ് 12ന് മാറ്റി. തുടർന്ന് ജൂൺ 30ന് ശസ്ത്രക്രീയ നടത്തി.
ഇതിനാവശ്യമായ വിലയേറിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)യിൽ ഉൾപ്പെടുത്തിയപ്പോൾ, സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ, രോഗിയിൽനിന്ന് മൂന്നു ലക്ഷം രൂപ മാത്രം ചെലവിൽ ഒതുക്കാനുമായി. ശസ്ത്രക്രിയയെ തുടർന്ന് 48 മണിക്കൂർ വെന്റിലേറ്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗിയെ പൂർണബോധം തിരിച്ചുകിട്ടിയ ശേഷം വെന്റിലേറ്ററിൽനിന്നു മാറ്റി അഞ്ചു ദിവസം നീണ്ട തീവ്ര പരിചരണത്തിനുശേഷം രണദേവ് പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. വി. സുരേഷ് കുമാർ, അസോസിയേറ്റ് പ്രഫസർമാരായ ഡോ. കെ.ടി. ബിജു, ഡോ. ആനന്ദക്കുട്ടൻ, അസി. പ്രഫ. ഡോ. കൊച്ചുകൃഷ്ണൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. വീണ, ആശുപത്രി സൂപ്രണ്ടും അസോസിയേഷൻ പ്രഫസറുമായ ഡോ. എ. ഹരികുമാർ, അസി. പ്രഫ. ഡോ. ബിട്ടു തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.