കിടങ്ങാംപറമ്പ് വാര്‍ഡിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി
1576349
Thursday, July 17, 2025 12:03 AM IST
ആലപ്പുഴ: നഗരഹൃദയത്തിലെ കിടങ്ങാംപറമ്പ് വാര്‍ഡ് കൈയേറ്റം ഒഴിപ്പിച്ച് നീര്ച്ചാല് പുനഃസ്ഥാപിക്കുന്ന നടപടി പുനരാരംഭിച്ചു. നാട്ടുകാരെ ബോധിപ്പിക്കാന്‍ പേരിനു ചില ശ്രമം നടത്തിയതല്ലാതെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ചില്ലെന്ന പരാതി വ്യാപകമായിരുന്നു.
ഇതിനിടെ കുറച്ചു ദിവസത്തെ നടപടികള്‍ക്കുശേഷം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇത് ദുരുഹതയുണ്ടാക്കി. പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനെതിരേ പ്രദേശവാസികള്‍ വീണ്ടും പരാതിയുമായി രംഗത്തിറങ്ങി. ഞായറാഴ്ച മുതല്‍ വീണ്ടും നടപടികള്‍ ആരംഭിച്ചു.
നീര്ച്ചാല് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി 1,34,000 രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. ആദ്യദിനം ജെസിബി എത്തിച്ച് ചില പ്രവൃത്തികള്‍ ചെയ്തു മടങ്ങി. എന്നാല്‍, പിന്നീട് ഒന്നുമുണ്ടായില്ലെന്ന് റെസിഡന്റ് സ് അസോസിയേഷന് പറയുന്നു. ബാഹ്യ ഇടപെടലാണ് പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവപ്പിച്ചതെന്നാണ് വിവരം.
എന്നാല്‍, കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന തരത്തില്‍ ചില കോണുളില്നിന്ന് കള്ളപ്രചാരണവുമുണ്ടായി. തുടര്‍ന്നാണ് അധികാരികള്‍ക്ക് മുന്നില്‍ പരാതിയുമായി പ്രദേശവാസികള്‍ വീണ്ടുമെത്തിയത്. കൈയേറ്റക്കാര്‍ ഒരു പ്രദേശവാസിയുടെ മതില് അനുമതിയില്ലാതെ ഷീറ്റ് അടിച്ച് കേടുപാടുവരുത്തിയിരുന്നു. മതില് ഇപ്പോള്‍ വീഴാറായ അവസ്ഥയിലാണ്.
ഈ സംഭവത്തില്‍ പോലീസ് നടപടി പുരോഗമിക്കുകയാണ്. സ്ഥലം എംഎല്‍എയെ മാസങ്ങള്‍ക്കുമുമ്പേ നാട്ടുകാര്‍ പ്രശ്നം അറിയിച്ചിരുന്നതാണ്. പ്രദേശത്ത് മഴ ശക്തമായാല്‍ വെള്ളക്കെട്ട് രൂക്ഷമായി വീടുകളില്‍വരെ വെള്ളം കയറും.