ചുനക്കരയിൽ കാത്തിരിപ്പ് കേന്ദ്രം കാഴ്ച വസ്തു
1576056
Tuesday, July 15, 2025 11:31 PM IST
ചാരുംമൂട്: ചുനക്കര പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കാഴ്ചവസ്തുവായി മാറിയതോടെ ബസ് കാത്ത് ജനം പാതയോരത്ത് നിൽക്കേണ്ട ഗതികേടിൽ. മഴയും വെയിലുമേറ്റ് യാത്രക്കാർ പാതയോരത്താണ് ബസുകൾ കാത്തുനിൽക്കുന്നത്. ചുനക്കര പഞ്ചായത്ത് ജംഗ്ഷനിൽ പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ജനങ്ങൾക്ക് പ്രയോജനമില്ലാതായി മാറിയിരിക്കുന്നത്.
ഇവിടെ തെരുവുനായ്ക്കളും മറ്റും വിശ്രമ സ്ഥലമാക്കിയിരിക്കുകയാണ്. നിർമാണം പൂർത്തിയായ കാലത്ത് ആളുകൾ കുറച്ചുനാൾ ഇത് ഉപയോഗിച്ചു. എന്നാൽ, ചാരുംമൂട് ഭാഗത്തേക്കു വരുന്ന ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് നൂറുമീറ്റർ അകലെ മാറി നിർത്താൻ തുടങ്ങിയതോടെ ജനം കാത്തിരിപ്പ് കേന്ദ്രം ഉപേക്ഷിക്കാൻ നിർബന്ധിതരായി. ചുനക്കര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മതിലിനോട് ചേർന്നുനിർമിച്ച ഈ കാത്തിരിപ്പു കേന്ദ്രത്തിൽ ഇപ്പോൾ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.
ശുചീകരണം നടത്തി ഇതു യാ ത്രക്കാർക്ക് ഉപകാരപ്രദമായ നിലയിൽ മാറ്റിയെടുക്കണമെന്ന ആവശ്യം നിരന്തരം ഉയർന്നെങ്കിലും പഞ്ചായത്തോ ജനപ്രതിനിധികളോ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല എത്രയും വേഗം ശുചീകരണം നടത്തി കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി വേണമെന്നാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആവശ്യം.