കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം: കർഷക കോൺഗ്രസ്
1576057
Tuesday, July 15, 2025 11:31 PM IST
ആലപ്പുഴ: മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര പ്രദേശത്തെ പാലമേൽ, നൂറനാട്, താമരക്കുളം, വള്ളികുന്നം, കൃഷ്ണപുരം, ഭരണിക്കാവ്, തെക്കേക്കര, തഴക്കര, ഓച്ചിറ, കായംകുളം നഗരസഭാ പരിധിയിൽപ്പെട്ട കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം അനുദിനം വർധിച്ചു വരുന്നതായും ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ വ്യത്യസ്തങ്ങളായ കൃഷികളുള്ള ഓണാട്ടുകര പ്രദേശത്തെ കൃഷിയിടങ്ങൾ കർഷകർ ഉപേക്ഷിക്കുമെന്ന് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ കൃഷിയിടത്തിൽ കാട്ടുപന്നിയെ പിടിക്കാൻ നിയമവിരുദ്ധമായി വച്ച കെണിയിൽ പെട്ട് മാവേലിക്കര താലൂക്കിലെ രണ്ടു മനുഷ്യജീവനാണ് നഷ്ടപ്പെട്ടത്. വാഹന യാത്രക്കാരെയും കാൽനടക്കാരെയും ആക്രമിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിൽ പോലും ഇത്തരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് കൃഷിക്കും മനുഷ്യജീവനും ഭീഷണിയായി മാറിയിരിക്കുന്നു.
ഇവയെ നിയന്ത്രിക്കാൻ തദ്ദേശ വകുപ്പ് സ്ഥാപനങ്ങളും വനംവകുപ്പും സംസ്ഥാന സർക്കാരും ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാത്യു ചെറുപറമ്പനും സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളിയും മുഖ്യമന്ത്രിക്കും കൃഷി, വനം മന്ത്രിമാർക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.