സംസ്ഥാനപാതയിലെ കുഴികള്‍ അപകടക്കെണിയാകുന്നു
1576061
Tuesday, July 15, 2025 11:31 PM IST
എടത്വ: എടത്വ-തകഴി സംസ്ഥാന പാതയിലെ കുഴികള്‍ അപകടക്കെണിയാകുന്നു. ജല അഥോറിറ്റിയുടെ അനാസ്ഥയെത്തുടര്‍ന്നാണ് കുഴി രൂപപ്പെട്ടത്. കുഴിയില്‍ ചെടിവച്ച് അപായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
കോടികള്‍ മുടക്കി നിര്‍മിച്ച് പരിപാലനച്ചുമതല കഴിഞ്ഞതോടെ എടത്വ-തകഴി സംസ്ഥാനപാതയില്‍ പലസ്ഥലങ്ങളിലായി കുഴികള്‍ രൂപപ്പെട്ടു. കേളമംഗലം ജംഗ്ഷൻ, ചെക്കിടിക്കാട് പറത്തറ പാലം, ചെക്കിടിക്കാട് മില്‍മ ജംഗ്ഷന് കിഴക്കുവശം, പച്ച സ്കൂളിനു സമീപം, കോഴിമുക്ക് പമ്പ് ഹൗസിന് മുന്‍വശം, എടത്വ പാലം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കുഴിയുള്ളത്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോ എന്നിവ കുഴിയില്‍ വീണ് നിയന്ത്രണം വിടുന്നത് പതിവാണ്.
രാത്രിയില്‍ വരുന്ന ചെറുവാഹനങ്ങള്‍ കുഴി കാണാതെ അപകടത്തില്‍പ്പെടുന്നതായി പരാതിയുണ്ട്. പച്ച സ്കൂളിനു സമീപത്ത് ഒരുവര്‍ഷമായി കുഴി രൂപപ്പെട്ടു കിടക്കുകയാണ്. നഴ്സറി സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ വരെ കടന്നുപോകുന്ന പാതയിലാണ് അപകടക്ക െണിയായി കുഴിയുള്ളത്. വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ വന്‍ അപകടത്തിന് സാധ്യതയുണ്ട്. 2025 ജനുവരി 31 ഓടെ സംസ്ഥാന പാതയുടെ പരിപാലന ചുമതല അവസാനിച്ചിരുന്നു.
പിന്നീടുള്ള പരിപാലനം പിഡബ്ല്യുഡി ഏറ്റെടുക്കേണ്ടതാണ്. ഒട്ടുമിക്ക കുഴികളും ജലഅഥോറിറ്റിയുടെ പൈപ്പ് ലൈന്‍ ചോര്‍ന്നാണ് രൂപപ്പെട്ടത്. പൈപ്പ്ലൈന് പൊട്ടി വെള്ളം ചോര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ജല അഥോറിറ്റിയോ നിര്‍ദേശം നല്കാന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. മഴ ശക്തി പ്രാപിച്ചതോടെ കുഴിയുടെ വ്യാപ്തിയും കൂടി. ചോര്‍ച്ചയുള്ള ഭാഗത്തുകൂടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്.