സർക്കാരിന്റെ കരുണയിൽ വിശ്വാസമില്ല; കാരുണ്യ പദ്ധതിയുമായി റേഷൻ വ്യാപാരികൾ
1576350
Thursday, July 17, 2025 12:03 AM IST
മങ്കൊമ്പ്: സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ വിശ്വാസം നഷ്ടമായതോടെ സ്വന്തം നിലയിൽ ക്ഷേമപദ്ധതികളുമായി റേഷൻ ചില്ലറ വ്യാപാരികൾ. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് വ്യാപാരികൾക്കായുള്ള കാരുണ്യ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. കുട്ടനാട് താലൂക്കിൽ 126 പേർ പദ്ധതിയിൽ അംഗമായിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
പദ്ധതി പ്രകാരം ഓരോ അംഗവും പ്രതിവർഷം മൂവായിരം രൂപ പ്രകാരം അടയ്ക്കണം. ആദ്യഗഡുവായ തുക ഇന്നലെ വ്യാപാരികൾ അടച്ചാണ് പദ്ധതിയുടെ ഭാഗമായത്. മൂവായിരം രൂപ വീതം അഞ്ചു വർഷം അടയ്ക്കണം. ഇങ്ങനെ അടയ്ക്കുന്നവർക്ക് വൈദ്യസഹായമായി ഒരു ലക്ഷം രൂപവരെ പ്രതിവർഷം ലഭിക്കും.
ഇതിനു പുറമേ മരണാനന്തര സഹായമായി മൂന്നുലക്ഷം രൂപയും അംഗങ്ങൾക്കു കൊടുക്കും. പദ്ധതിയിൽ അയ്യായിരം പേർ അംഗങ്ങളായാൽ മരണാനന്തര സഹായമായി അഞ്ചുലക്ഷം രൂപ നൽകാനാണ് ലക്ഷ്യമിടുന്നത്. എകെആർആർഡിഎ യിൽ മാത്രം എണ്ണായിരം വ്യാപാരികളാണ് അംഗങ്ങളായിട്ടുള്ളത്. വിവിധ സംഘടനകളിലായി 14,600 ചില്ലറ വ്യാപാരികളുണ്ട്. മറ്റു സംഘടനകളിലുള്ളവരും പദ്ധതിയിൽ അംഗമാകാൻ താത്പര്യം പ്രകടിപ്പിച്ചതായി ഭാരവാഹികൾ പറയുന്നു.
സംസ്ഥാനത്തെ റേഷൻ വ്യാപാരികളെല്ലാം സർക്കാരിന്റെ ക്ഷേമനിധിയിൽ അംഗങ്ങളാണ്. പ്രതിമാസം 200 രൂപ വീതമാണ് ക്ഷേമനിധി ബോർഡിൽ അടയ് ക്കുന്നത്. തങ്ങളുടെ തന്നെ കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ക്ഷേമനിധി ബോർഡിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, യാതൊരു വിധ ആനുകൂല്യങ്ങളും ക്ഷേമനിധിയിൽനിന്നു ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ, ശസ്ത്രക്രിയകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി മത്സ്യത്തൊഴിലാളികളടക്കമുള്ള ഇതര വിഭാഗങ്ങൾക്കായി ക്ഷേമനിധിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ പത്തിലൊന്നു ആനുകൂല്യങ്ങൾ പോലും റേഷൻ വ്യാപാരികൾക്കു നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് കാരുണ്യ പദ്ധതിയെപ്പറ്റി ആലോചിച്ചതെന്നും വ്യാപാരികൾ പറയുന്നു.