ചെറിയനാട് റെയിൽവേ അടിപ്പാത വെള്ളക്കെട്ടിൽ മുങ്ങി
1482699
Thursday, November 28, 2024 5:24 AM IST
ചെങ്ങന്നൂർ: മാവേലിക്കര-കോഴഞ്ചേരി സംസ്ഥാന പാതയിൽ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിയാബാധയാകുന്നു. റോഡ് ഉയർന്നു നിൽക്കുന്നതിനാൽ ഇരുഭാഗത്തുനിന്നു വെള്ളം ഒഴുകി അടിപ്പാതയിൽ കെട്ടിക്കിടക്കുകയാണ്. ചാറ്റൽ മഴയിൽ പോലും വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെടുന്നത്.
വെള്ളക്കെട്ടു മൂലം ചെങ്ങന്നൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വലതുവശത്തുകൂടി കടന്നുപോകുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. അഞ്ചുവർഷം മുൻപ് റോഡ് നവീകരിച്ചതിനു ശേഷമാണ് പാലത്തിന്റെ ഇരുവശവും ഉയർന്നത്. ഇതോടെ ഇരുഭാഗത്തുനിന്നു വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകിയെത്തുന്നതാണു വെള്ളക്കെട്ടിന്റെ പ്രധാന കാരണം.
ഇത് കണ്ടെത്തി പതിനൊന്ന് മാസങ്ങൾക്ക് മുൻപ് ഈ ഭാഗം ലെവൽ ചെയ്ത് ടാർ ചെയ്തങ്കിലും ചെറിയ മഴയ്ക്കു പോലും വെള്ളം കെട്ടിക്കിടന്ന് അടിപ്പാതയിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴിയിൽ വീണ് ഇരുചക്രവാഹന മുൾപ്പെടെയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാറുണ്ട്. അടിപ്പാതയിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനമില്ലാത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
ചെളിവെള്ളം തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ദേഹത്തു വീഴുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇവിടെ നിത്യസംഭവമാണ്. ഇരുഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ വളവു തിരിഞ്ഞുവരുമ്പോഴാണ് വെള്ളക്കെട്ട് കാണുന്നത്. റോഡ് പരിചിതമല്ലാത്തവർ പെട്ടെന്നു വാഹനം നിർത്തുമ്പോൾ തൊട്ടുപിന്നിലെ വാഹനത്തിൽ ഇടിച്ചും അപകടമുണ്ടാകുന്നു.
അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ചെറിയനാട് പഞ്ചായത്ത് എട്ടു ലക്ഷം രൂപയുടെ ഓടനിർമാണ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. വെള്ളം വടക്കോട്ട് തിരിച്ചുവിട്ട് തോട്ടിൽ ചെന്ന് ചേരുന്ന വിധത്തിലാണ് ഓടയുടെ നിർമാണം നടത്തുക. ഈ സാമ്പത്തികവർഷം തന്നെ ഓടനിർമാണം നടത്തുമെന്ന് പഞ്ചായത്തധികൃതർ പറത്തു. ഓടനിർമാണം തുടങ്ങുന്നതുവരെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പരിഹാരം അധികൃതർ അടിയന്തരമായി കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
നാട്ടുകാരുെ ആവശ്യം പക്ഷേ തുടരുന്നതല്ലാതെ പരിഹാരം ഇതുവരെ വന്നില്ല. ഈ സാമ്പത്തികവർഷം തന്നെ ഓടനിർമാണം നടത്തുമെന്ന് പറയുന്ന പഞ്ചായത്തധികൃതർ അതു പാലിച്ചില്ലെങ്കിൽ സമരമല്ലാതെ മറ്റു മാർഗമില്ലെന്ന് തിരിച്ചറിവിലാണ് നാട്ടുകാർ.