വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
1482409
Wednesday, November 27, 2024 5:08 AM IST
ആലപ്പുഴ: സ്പെഷല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായി 28 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. 17 വയസ് പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സൗകര്യവും പ്രസ്തുത തീയതിവരെ എല്ലാ താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ്് വിഭാഗത്തിലും ലഭ്യമാണ്.
ജില്ലയിലെ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതും പരിശോധനയില്‍ അര്‍ഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ പ്രസ്തുത വോട്ടര്‍മാരെ അവര്‍ അര്‍ഹരാണെങ്കില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോറം 6-ല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു വേണ്ട സഹായം എല്ലാ താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലും ലഭിക്കുന്നതാണെന്ന് ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും മൊബൈല്‍ ഫോണിലെ പ്ലേ സ്റ്റോര്‍വഴി ഡൗണ്‍ ലോഡ് ചെയ്ത് ലഭ്യമാകുന്ന വോട്ടേഴ്സ് ഹെല്പ്ലൈന് ആപ്പ് കൂടാതെ www.voters. eci.gov.in, www.ceo.kerala. gov.in എന്നീ വെബ് സൈറ്റുകളും പ്രയോജനപ്പെടുത്താം.
ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് 1950 നമ്പരായുള്ള കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.