സംഭരിച്ച നെല്ലിന്റെ വില ലഭിച്ചില്ല; കർഷകർ ദുരിതത്തിൽ
1482401
Wednesday, November 27, 2024 4:58 AM IST
അമ്പലപ്പുഴ: സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെത്തുടർന്ന് കർഷകർ ദുരിതത്തിൽ. രണ്ടാം കൃഷിയുടെ നെല്ലെടുപ്പ് പൂർത്തിയായി രണ്ടു മാസം പിന്നിട്ടപ്പോഴും പുന്നപ്ര തെക്ക് പഞ്ചായത്തിലെ പൂന്തുരം തെക്ക്, പൂന്തുരം വടക്ക്, പൊന്നാകരി, പരപ്പിൽ, പാര്യക്കാടൻ, അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലെ ഉൾപ്പെടെ വിവിധ പാടശേഖരങ്ങളിലെ കർഷകരാണ് നാളിതുവരെ പണം കിട്ടാതെ ദുരിതത്തിലായത്.
ഇതുമായി ബന്ധപ്പെട്ട് പുഞ്ച കൃഷിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച കർഷകരെ സംഘടിപ്പിച്ച് കൃഷിഭവനുകൾക്കു മുമ്പിൽ ധർണ നടത്തുമെന്ന് കർഷകസംഘം ഭാരവാഹികൾ പറഞ്ഞു.
നെല്ല് സംഭരിച്ച് 15 ദിവസത്തിനകം പണം ലഭ്യമാക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ നഗ്നമായ ലംഘനമാണിത്. കൃഷി, സിവിൽ സപ്ലെെസ് വകുപ്പുകളുടെ അലംഭാവമാണ് ഇതിനു പിന്നിൽ. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷകസംഘം ഏരിയ പ്രസിഡന്റ് അഡ്വ. വി. എസ്. ജിനുരാജും സെക്രട്ടറി ആർ. രജിമോനും പറഞ്ഞു.