കല്ലുമല റയിൽവേ മേൽപ്പാലം: ടെൻഡർ നടപടികൾ ആരംഭിക്കും
1482413
Wednesday, November 27, 2024 5:08 AM IST
മാവേലിക്കര : സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ അടുത്തമാസം ആദ്യവാരം ആരംഭിക്കും.
മേൽപ്പാലം നിർമാണത്തിന് 2021 ൽ 38.22 കോടി രൂപ അനുവദിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരള ലിമിറ്റഡ് നിർമാണച്ചുമതല ഏറ്റെടുക്കുകയും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ നടപ്പാക്കുകയും ചെയ്തു.
ആർബിഡിസികെ തയാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മേൽപാലം നിർമാണത്തിന് പത്തു കോടി രൂപ കൂടുതലായി വേണ്ടി വന്നു. എം. എസ്. അരുൺകുമാർ എംഎൽഎ കിഫ്ബി അധികൃതരുമായി ചർച്ച നടത്തിയതിനെത്തുടർന്ന് നവംബർ 23 ന് കിഫ്ബി അധിക തുക ഉൾപ്പെടെ 48.33 കോടി രൂപ അനുവദിച്ചു.
കെഎസ്ഇബിയുടെയും കേരള വാട്ടർ അഥോറിറ്റിയുടെയും ലൈനുകൾ മാറ്റുന്നതിനുള്ള തുക അനുവദിച്ചു നൽകുകയും അതിന്റെ പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു. 39 സ്ഥലം ഉടമകൾക്ക് 10.69 കോടി രൂപ നഷ്ടപരിഹാരം നൽകി. 62.7 ആർ സ്ഥലമാണ് ഏറ്റെടുത്തത്. നഗര പ്രദേശമായതിനാൽ കൂടിയ വിപണി വില നൽകിയാണ് സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്. ഇതിനായി നേരത്തേ കണക്കാക്കിയിരുന്നതിലും കൂടുതൽ തുക ആവശ്യമായിവന്നു. അതിനാലാണ് 10 കോടി രൂപ അധികമായി വേണ്ടിവന്നത്.
കല്ലുമല മേൽപ്പാലം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ, ആർ. ബിഡിസികെ ജനറൽ മാനേജർ എന്നിവരടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതിയുടെ രൂപരേഖ അംഗീകരിച്ചു സാങ്കേതിക അനുമതി നൽകിയത്.
മാവേലിക്കര റെയിൽവേ സ്റ്റേഷന് വടക്കുള്ള ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളം മുതൽ ബിഷപ് മൂർ കോളജ് ഹോസ്റ്റലിന് കിഴക്ക് വശം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലം നിർമാണം. ഒന്നര മീറ്റർ വിതിയിൽ നടപ്പാതയും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗതയിൽ നിർമാണം ആരംഭിക്കാൻ ആർബിഡിസികെയ്ക്ക് നിർദേശം നൽകിയതായി എം. എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു .