ജാമ്യത്തിന് വ്യാജരേഖ: പഞ്ചായത്തംഗത്തിന്റെ രാജിയാവശ്യവുമായി കോൺഗ്രസ് പ്രതിഷേധം
1482290
Tuesday, November 26, 2024 7:33 AM IST
കായംകുളം: കാപ്പാ കേസ് പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് ജാമ്യത്തിനുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ കബളിപ്പിച്ച ദേവികുളങ്ങര പഞ്ചായത്ത് സിപിഎം അംഗം ശ്യാമ വേണു രാജിവയ്ക്കണമെന്ന ആവശ്യവുമായി ദേവികുളങ്ങര പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം.
കോൺഗ്രസ് പാർലമെന്ററി പാർട്ടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇ. ശ്രീദേവി, മിനിമോഹൻ ബാബു, ലീനാ രാജു, ബിജു ഡേവിഡ്, എസ്. ബിന്ദിഷ്, സുശീല വിശ്വംഭരൻ, അഖിൽ രാജ്, രാജേഷ് ചന്നഞ്ചേരി, ധനേഷ് കൃഷ്ണ, കിരൺ കളീക്കശേരിൽ, സന്തോഷ് ചക്കാലത്തറ, സിന്ധു രാജൻ, കെ. കെ. പ്രമീള, തങ്കൻ ചെറുവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാജരേഖ ഉപയോഗിച്ച് ജാമ്യം നേടിയെന്ന കേസിൽ സിപിഎം കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മിറ്റി അംഗമായ സിബി ശിവരാജന്റെ ജാമ്യം കഴിഞ്ഞ ദിവസം കായംകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു.
വനിതാ പഞ്ചായത്ത് അംഗമായ ശ്യാമ വേണു ജാമ്യത്തിനായി നൽകിയ വസ്തുവിന്റെ കരമടച്ച രസീത് മറ്റൊരാളുടെ പേരിലുള്ള വസ്തുവിന്റെ കരമടച്ച രസീതാണെന്നാണ് കേസ്. ഇത് സംബന്ധമായി വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു.