കൊച്ചാലുംമൂട് ജംഗ്ഷനിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ഗതാഗത പരിഷ്കാരം
1482295
Tuesday, November 26, 2024 7:33 AM IST
മാങ്കാംകുഴി: പന്തളം -മാവേലിക്കര റോഡും കൊല്ലം -തേനി ദേശീയപാത റോഡും സംഗമിക്കുന്ന കൊച്ചാലുംമൂട് ജംഗ്ഷനിൽ അപകടം നിയന്ത്രിക്കാൻ പുതിയ ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കുന്നു. കൊല്ലം-തേനി ദേശീയ പാതയിലൂടെ ചെങ്ങന്നൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഇനിമുതൽ കൊച്ചാലുംമൂട് ജംഗ്ഷനിൽ എത്തി ജംഗ്ഷനിലെ ആൽമരത്തിനു സമീപത്തുകൂടി വലത്തോട്ടു തിരിഞ്ഞു വേണം പോകാൻ.
മാവേലിക്കര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇതുപോലെ ജംഗ്ഷനിൽ എത്തി ആൽമരത്തിനു സമീപത്തുകൂടി തെക്കോട്ട് കൊല്ലം -തേനി ദേശീയപാതയിൽ പ്രവേശിച്ച് കടന്നുപോകണം. ചെങ്ങന്നൂർ ഭാഗത്തുനിന്നു മാവേലിക്കരയിലേക്കു പോകുന്ന വാഹനങ്ങൾ ജംഗ്ഷനിൽ എത്തി ആലിന് തെക്കുഭാഗത്തുകൂടി ചെറിയ കയറ്റം കയറി പന്തളം -മാവേലിക്കര റോഡിൽ പ്രവേശിച്ചാണ് കടന്നുപോകേണ്ടത്.
എന്നാൽ, പന്തളം, ചാരുംമൂട് ഭാഗത്തുനിന്നു മാവേലിക്കര ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പഴയ രീതിയിൽതന്നെ നേരേ കടന്നുപോകാവുന്നതാണ്. ചെങ്ങന്നൂർ ഭാഗത്തുനിന്നു സ്വകാര്യബസുകൾ ഉൾപ്പെടെ മാവേലിക്കര ഭാഗത്തേക്കു വേഗതയിൽ വളവു തിരിഞ്ഞ് ചെറിയ കയറ്റം കയറി പന്തളം -മാവേലിക്കര റോഡിൽ പ്രവേശിക്കുമ്പോൾ മാവേലിക്കരയിലേക്ക് നേരേ കടന്നുവരുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ മാവേലിക്കരയിൽനിന്നു കൊച്ചാലുംമൂട് ജംഗ്ഷനിൽ എത്തി കൊല്ലം-തേനി ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ഇവിടെ ഇറക്കമാണ് പ്രശ്നം.
കൊല്ലം-തേനി ദേശീയപാത റോഡിന് ജംഗ്ഷനിൽ മതിയായ വീതി ഇല്ലാത്തതും മറ്റൊരു പ്രശ്നമാണ്. അതിനാൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുമ്പോൾ അപകടം നിയന്ത്രിക്കാൻ കാര്യക്ഷമമായ സംവിധാനം ജംഗ്ഷനിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പന്തളം -മാവേലിക്കര റോഡ് വികസനത്തിന്റെ ഭാഗമായാണ് പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നത്. കൊച്ചാലുംമൂട് ജംഗ്ഷനിലെ ആൽമരത്തിന് ചുറ്റും റൗണ്ടിൽ കോൺക്രീറ്റ് ചെയ്ത് നിർമാണവും ഉടൻ നടത്തും. കൂടാതെ നിരീക്ഷണ കാമറകളും സ്ഥാപിക്കും. കൂടാതെ ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽനിന്നു മാറ്റിസ്ഥാപിക്കാനും ആലോചനയുണ്ട്. പന്തളം-മാവേലിക്കര റോഡിൽ താട്ടാരമ്പലം ജംഗ്ഷനിലും സമാനരീതിയിൽ പുതിയ ഗതാഗത പരിഷ്കാരം നടപ്പിക്കാനാണ് തീരുമാനം.