വിജയലക്ഷ്മിയുടെ കൊലപാതകം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
1482404
Wednesday, November 27, 2024 5:08 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരില് കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ടുശേരി ജയചന്ദ്രനെ (53) ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും.
കേസിന്റെ തുടരന്വഷണത്തിനായി അമ്പലപ്പുഴ പൊലീസിനു കൈമാറിയ സാഹചര്യത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ചിരുന്നു. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടുന്നതിനായി പൊലീസ് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് പ്രതിയെ ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കുന്നത്.
കഴിഞ്ഞ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകം അറിയുന്നത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന വിജയലക്ഷ്മി അടുത്തിടെയാണ് മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കാണാനില്ലായിരുന്നു. തുടർന്നാണ് വിജയലക്ഷ്മിയുടെ സഹാോ ദരി കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുന്നത്.
വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തുനിന്ന് ലഭിച്ചതോടെയാണ് കേസിന് തുമ്പ് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
ആറാം തീയതി ജയചന്ദ്രൻ വിജയലക്ഷ്മിയുമായി കരൂരുളള വീട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ വിജയലക്ഷ്മി മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതു കണ്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിജയലക്ഷ്മിയുടെ ആഭരണങ്ങൾ എടുത്തശേഷം മൃതദേഹം ഇയാളുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.